General (Page 107)

മലപ്പുറം: നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് കൂടുതൽ നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. മലപ്പുറത്ത് മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികൾ കണ്ടെയ്ൻമെന്റ്‌സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1987ലെ പകർച്ചവ്യാധി തടയൽ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതലയോഗം ചേർന്നു.

പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരൻ. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പനയുമായി ബിവറേജസ് കോർപ്പറേഷൻ. 124 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ ഉത്രാട ദിനത്തിൽ വിറ്റഴിച്ചത്. ഇത്തവണ ഉത്രാടദിനത്തിൽ മദ്യ വില്പനയിൽ ഉണ്ടായത് കഴിഞ്ഞ തവണത്തേക്കാൾ 4 കോടിയുടെ വർദ്ധനയാണ്.

120 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ വിറ്റത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് അന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിൽപ്പന നടത്തിയത്.

കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു.

കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ് ആണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്.

ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിരുന്നു.

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ ശ്രീക്കുട്ടിയും മദ്യപ്പിച്ചിരുന്നെന്ന് വ്യക്തമാക്കി പോലീസ്. ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പോലീസ് ശേഖരിച്ചു.

അതേസമയം, അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തന്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഡബ്ല്യുസിസി. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്‌പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് തങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നുവെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടർ നടപടികൾ ഊർജ്ജിതമാക്കി. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ 56 പേരെയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബന്ധപ്പെട്ടു തുടങ്ങി. നാലു സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ മൊഴി നൽകിയവരെ കാണാനാണ് തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇതിനെ തുടർന്ന് സർക്കാർ റിപ്പോർട്ടിന്റെ പൂർണരൂപം ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് കൈമാറിയിരുന്നു. സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ആണ് ക്രൈം ബ്രാഞ്ച് മേധാവി. റിപ്പോർട്ടിലെ തുടർനടപടിക്ക് അന്വേഷണ സംഘം പ്രത്യേക യോഗവും ചേർന്നു.

റാഞ്ചി: ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഫ്‌ളാഗ് ഓഫ് കർമ്മം നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളായിരിക്കും പുതിയ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്.

രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നടത്തി. 660 കോടി രൂപയുടെ പദ്ധതിയാണിത്. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു. ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി.

ടാറ്റാനഗർ- പട്‌ന, ഭാഗൽപൂർ- ഡുംക-ഹൗറാ, ഭ്രമാപൂർ- ടാറ്റാനഗർ, ഗയ-ഹൗറ, ദിയോഗർ- വാരണാസി, റൂക്കേല-ഹൗറ എന്നീ പാതകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.

മലപ്പുറം: ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടക്കൽ കോഴിച്ചെനയിലാണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.

വീട്ടിലെ ബാത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തിരുവനന്തപുരം: തിരുവോണ നാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സേവാഭാരതി തുടർച്ചയായ 25 -ാം വർഷം നൽകുന്ന ഓണസദ്യയുടെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി നൽകിയത്. കഴിഞ്ഞ 24 വർഷമായി സേവാഭാരതി ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നുണ്ട്.

തിരുവോണ സദ്യയ്ക്ക് മുൻപായി ദന്തൽ കോളേജ് പരിസരത്ത് സേവാഭാരതി സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ആശുപത്രിക്കിടക്കയിൽ കഴിയേണ്ടി വരുന്ന രോഗികൾക്കും അവരോടൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും തങ്ങളാൽ കഴിയുന്ന സന്തോഷം നൽകിയിരിക്കുകയാണ് സേവാഭാരതി. ഈ ശ്രമത്തിൽ പങ്കാളിയായി സുരേഷ് ഗോപിയും നന്മയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ്.