General (Page 105)

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. വയനാട് ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത് മറച്ചുപിടിക്കാനാണ് വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന ചർച്ച ഉയരാതിരിക്കാനും കേന്ദ്രസർക്കാരിനെ സഹായിക്കാനുമാണ് മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നതും അത് പ്രതിപക്ഷം ഏറ്റെടുക്കുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്ത തെറ്റായി നൽകുന്നതും സർക്കാരിനെ അതിന്റെ പേരിൽ ആക്രമിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 50 ദിവസം കാത്തിരുന്നശേഷമാണ് വ്യാജനിർമിതി പുറത്തുവിട്ടത്. പ്രധാനമന്ത്രി വന്നുപോയിട്ട് എത്ര ദിവസമായി അഞ്ഞൂറിലധികം പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ ചില്ലിക്കാശ് കേന്ദ്രം നൽകിയോയെന്ന് അദ്ദേഹം ചോദിക്കുന്നു.

കേന്ദ്ര സഹായം തടസ്സപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വാദങ്ങളാണ് ഇതിനുപിന്നിൽ. രാഷ്ട്രീയമാകാം, ഇടതുപക്ഷത്തോട് വിയോജിപ്പുമാകാം. പക്ഷേ, അത് ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്. ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. എന്നിട്ടും മാധ്യമങ്ങൾ തിരുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സെപ്റ്റംബർ 7ന് ആരംഭിച്ച ഓണക്കാല പ്രത്യേക പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് 348 സ്ഥാപനങ്ങൾ പരിശോധിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് 76 കേസുകളെടുത്തു. 2,54,000 രൂപ പിഴയീടാക്കി. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ ഖാദർ, അഡീഷണൽ കൺട്രോളർ റീന ഗോപാൽ എന്നിവരുടെ നിർദേശാനുസരണം ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

അളവിലും തൂക്കത്തിലുംമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വിൽപന എന്നിവയ്ക്കാണ് നടപടി സ്വീകരിച്ചത്. പിഴ അടക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നതായി പരാതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം ബീനാകുമാരി നിർദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

കഴിഞ്ഞ ഒരാഴ്ച്ചയായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ആശുപത്രി ജിവനക്കാർ ചുമന്നാണ് താഴെയിറക്കുന്നത്. തടിയിൽ കോർത്ത് കെട്ടിയ തുണിയിലാണ് രോഗികളെ താഴെയെത്തിക്കുന്നതും ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുന്നതും.

ദിവസങ്ങളിലായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. സംഭവത്തിൽ 15 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കും

ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കും. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും. ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യും.

ഫാമിലി ബഡ്ജറ്റ് സർവ്വേ

1948-ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനായി ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തും.

2023-24 അടിസ്ഥാന വർഷം കണക്കാക്കി എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സർവ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും.

ഡെപ്യൂട്ടി ഡയറക്ടർ-1, റിസർച്ച് അസിസ്റ്റൻറ്-1, എൽഡി കമ്പയിലർ/ എൽഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകൾ പതിനെട്ട് മാസത്തേക്ക് സൃഷ്ടിക്കും. പുനർവിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും പതിനെട്ട് മാസ കാലയളവിലേക്ക് നിയമിക്കും.

ഹോമിയോ ഡിസ്‌പെൻസറി

ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷൻറെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്‌പെൻസറി ആരംഭിക്കും.
ജി എസ് സന്തോഷ് കരകൗശല വികസന കോർപ്പറേഷൻ എം ഡി
കരകൗശല വികസന കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും.

ഭരണാനുമതി നൽകി

കോഴിക്കോട് സൈബർപാർക്കിനോട് ചെർന്ന് കിടക്കുന്ന 20 സെൻറ് സ്ഥലം സൈബർപാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി.
സാധൂകരിച്ചു

അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്‌പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകും. ഈ അനുമതി നൽകിയതിന് പൊതു താൽപര്യം മുൻനിർത്തി സാധൂകരണം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിർമ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിൽ റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവ് നൽകും.

തിരുവനന്തപുരം: ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിറ്റുവരവിൽ ലഭിച്ചത് 56.73 കോടി രൂപയാണ്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽപിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയുള്ള കണക്കാണിത്.

സെപ്റ്റംബർ മാസത്തിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളിൽ എത്തിയത്

സപ്ലൈകോ 14 ജില്ലാ ഫെയറുകളിൽ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായി. ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ് — 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12 ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറിൽ ഉണ്ടായത്. തൃശൂർ (42.29 ലക്ഷം) കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം) ജില്ല ഫെയറുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. പാലക്കാട് ജില്ലാ ഫെയറിൽ 34.10 ലക്ഷം രൂപയുടെയും കോഴിക്കോട് ജില്ലാ ഫെയറിൽ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.

ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 6 മുതൽ 14 വരെ, ദിവസവും രണ്ടു മണിക്കൂർ വീതം സപ്ലൈകോ നൽകിയ ഡീപ് ഡിസ്‌കൗണ്ട് സെയിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: ഡാറ്റാ എൻട്രി / ഐ ടി മേഖലകളിലേക്ക് ജോലി നൽകാം എന്ന വ്യാജേന നടക്കുന്ന റിക്രൂട്ട്‌മെന്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്ത് പതിനായിരക്കണക്കിന് ആളുകളെയാണ് സൈബർ കുറ്റവാളികൾ അവരുടെ തടങ്കലിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി പാർപ്പിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഇവരെ രാപകൽ എന്ന് പോലും നോക്കാതെ പല രീതിയിൽ പീഡിനത്തിനു വിധേയരാക്കി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടി നിർബന്ധിക്കുന്നു. സ്വന്തം വീട്ടുകാരെ പോലും ബന്ധപ്പെടാൻ സാധികാത്ത രീതിയിൽ പുറം ലോകവുമായിട്ടുള്ള ബന്ധം ഇല്ലാതാക്കിയാണ് ഇവരെ ഉപയോഗിക്കുന്നത്. ഇതു പോലെയുള്ള ജോലി തട്ടിപ്പിനിരയായി ഇവർക്ക് വിദേശ രാജ്യങ്ങളിൽ സംഘടിത സൈബർ കുറ്റകൃത്യത്തിൻറെ ഭാഗമാകേണ്ടിവരുന്നു. നിങ്ങൾക്കു വരുന്ന ജോലി വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയതിനു ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുവാൻ ശ്രമിക്കുകയെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആവശ്യം തള്ളിയെങ്കിലും ഹർജിക്കാരനായ ശൈലേന്ദ്ര മണി ത്രിപാഠിക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സ്റ്റേറ്റ് ബാർ കൗൺസിലുകൾക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകാവുന്നതാണെന്നു കോടതി വ്യക്തമാക്കി. ഇതൊരു അച്ചടക്കത്തിന്റെ വിഷയമാണ്. ഷോർട്ട്‌സും ടീഷർട്ടും ഇട്ട് വാദിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെയും ബംഗളൂരുവിലെയും കാലാവസ്ഥ ഒരുപോലെയല്ല. അതുകൊണ്ടു തന്നെ അതത് സംസ്ഥാന ബാർ കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതി പരിഗണിക്കാൻ വിസമ്മതിച്ചതോടെ ത്രിപാഠി ഹർജി പിൻവലിച്ചു.

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട് തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയത്.

പത്തനംതിട്ട: ബിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറന്മുളയിൽ മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. വയനാട് ദുരന്തത്തിൽ കേരള സർക്കാർ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

എഡിജിപി അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. വേണ്ട സമയത്ത് അതുണ്ടാകും. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ആവശ്യങ്ങൾ മന്ത്രി ജെ പി നദ്ദയെ അറിയിച്ചു. കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതു കൊണ്ടാണ് മുൻഗണന കിട്ടാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-24ലെ അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഫീൽഡ്തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകൾക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങൾ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ ബഹു. കേന്ദ്രമന്ത്രി നിർദേശം നൽകി.

ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പരിഗണനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടത്തി. നിലവിൽ 23 ലക്ഷത്തോളം ആളുകൾ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. അക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ആശമാരുടെ വേതന വർധനവ് സംബന്ധിച്ച ആവശ്യവും ഉന്നയിച്ചു. അത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.