ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം സർക്കാർ സഹായമില്ലാതെ നൽകാൻ സാധിക്കില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെഎസ്ആർടിസി

കൊച്ചി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം സർക്കാർ സഹായമില്ലാതെ നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കെഎസ്ആർടിസി. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തിയെന്ന് കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂവെന്ന നിലപാടിലാണ് സർക്കാർ. കെഎസ്ആർടിസി മാനേജ്‌മെന്റാണ് ഇക്കാര്യം കോടതിയോട് വിശദമാക്കിയത്. കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.