പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; വാക്‌സിനേഷനോട് വിമുഖത പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പേവിഷബാധയ്ക്കുള്ള വാക്‌സിനെടുത്തിട്ടും മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

‘തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിന്‍ എടുക്കുമെന്നും പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

പേ ബാധിച്ച നായയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ

പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍

നായയുടെ വായില്‍ നിന്നും നുരയും പതയും വരിക

അക്രമ സ്വഭാവം കാണിക്കുക

യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക

പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക

പിന്‍കാലുകള്‍ തളരുക

നടക്കുമ്പോള്‍ വീഴാന്‍ പോവുക

ചില നായ്ക്കള്‍ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം

പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ അറിയാം

തലവേദന

മുറിവിന് ചുറ്റും മരവിപ്പ്

പനി

തൊണ്ടവേദന

കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍

ക്ഷീണം

ഓക്കാനം

ഛര്‍ദ്ദി

ശബ്ദത്തിലുള്ള വ്യത്യാസം

ഉറക്കമില്ലായ്മ

കാറ്റ് വെളിച്ചം എന്നിവയോട് ഭയം