എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നു; ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ഭീകരാക്രമണങ്ങൾക്കെതിരെ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഏതൊരു ഭീകരാക്രമണമായാലും അത് എവിടെ നടന്നതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണ്. കർശനമായ നടപടി അർഹിക്കുന്നതാണ്. ഓരോ ഭീകരവാദ പ്രവർത്തനങ്ങളും എവിടെ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അവയെ വേർതിരിച്ച് പരിഗണിക്കുന്നത് ശരിയായ നടപടിയല്ല. ലോകരാജ്യങ്ങൾ തീവ്രവാദത്തെ ഗുരുതര പ്രശ്നമായി പരിഗണിക്കാൻ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭീകരതയുടെ ഏറ്റവും മോശമായ മുഖം അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇന്ത്യക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായാണ് ഭീകരരെ പിന്തുണക്കുന്നത്. അത്തരം രാജ്യങ്ങൾ രാഷ്ട്രീയപരമായും ആശയപരമായും സാമ്പത്തികപരമായും തീവ്രവാദത്തിന് പിന്തുണ നൽകുന്നു. സദാസമയവും ഭീഷണിയിൽ തുടരുന്ന ഒരിടത്ത് കഴിയാൻ ആരും തന്നെ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ഭീകരതയുടെ നിഴലിൽ കഴിയുന്നവരുടെ ജീവിതം ദുസ്സഹമാണ്. അവർക്ക് സാധാരണമായ ഒരു ജീവിതം അപ്രാപ്യമായി തുടരുന്നു. തീവ്രവാദത്തിന്റെ പരിണിതഫലം സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. ഭീകര പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ നാമാവശേഷമാക്കാൻ ശ്രമിച്ചു. ആയിരക്കണക്കിന് ജീവനാണ് ഭീകരാക്രമണങ്ങളിലൂടെ ഭാരതത്തിന് നഷ്ടപ്പെട്ടത്. എന്നാൽ, ഇന്ത്യ ഭീകരതയ്ക്കെതിരെ ധൈര്യസമേതം പോരാടി. ഓരോ ചെറിയ ആക്രമണങ്ങളെ പോലും വലിയ പ്രധാന്യത്തോടെയാണ് രാജ്യം കണ്ടത്. ഒരു ജീവന്റെ വിലയും ചെറുതല്ല. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.