Highlights (Page 75)

തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനം വഴി 1.02 ലക്ഷം പേർക്ക് ഡോക്ടർ ടു ഡോക്ടർ സേവനം നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നു. ഇതിനായി സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമ്മറ്റിയും ജില്ലകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ജനറൽ ആശുപത്രികൾ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾ വഴി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവർത്തിക്കുക. ജില്ലാ, ജനറൽ ആശുപത്രികളും, മെഡിക്കൽ കോളേജുകളും ഹബ്ബായിട്ടും പ്രവർത്തിക്കും. ആദ്യമായി സ്പോക്ക് ആശുപത്രിയിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് റെഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ ജില്ലാ, ജനറൽ, മെഡിക്കൽ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക്, ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കൽ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണെന്ന് വീണാ ജോർജ് പറഞ്ഞു.

ഇ സഞ്ജീവനി ഒപിഡിയിൽ നിലവിൽ 4.88 ലക്ഷത്തിൽ അധികം പരിശോധനകൾ നടന്നു. വീഡിയോ കോൺഫറൻസ് വഴി ജനങ്ങൾക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി ഇതിലൂടെ സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു.ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശാവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവർക്കും ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നൽകാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

https://esanjeevaniopd.in/kerala എന്ന വെബ് സൈറ്റ് വഴിയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ വഴിയോ ഇ-സഞ്ജീവനി സേവനം ലഭ്യമാണ്. സംശയങ്ങൾക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാം. വീട്ടിലിരുന്ന് സേവനം ലഭിക്കുന്നതിനാൽ അനാവശ്യ ആശുപത്രി യാത്രയും തിരക്കും കുറയ്ക്കാനാകും. അതിനാൽ പരമാവധിപേർ ഈ സേവനം ലഭ്യമാക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ക്യാമറകളുടെ എണ്ണം കൂട്ടുന്നു. ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ വഴി നടപ്പിലാക്കാനൊരുങ്ങുന്ന പ്രത്യേക പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു.

ഡ്രൈവിംഗിനിടെ സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരെയും ഓവര്‍സ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെയും കണ്ടെത്തുകയാണ് ഇതു വഴി മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. കെല്‍ട്രോണ്‍ തന്നെ സ്വന്തം ഉടമസ്ഥതയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. പ്രവര്‍ത്തനം പൂര്‍ണ്ണഗതിയിലായതിന് ശേഷമുള്ള നിശ്ചിത കാലാവധി കഴിഞ്ഞ് മാത്രമേ സര്‍ക്കാരിന് നടത്തിപ്പ് കൈമാറുകയുള്ളു.

അതേസമയം, റോഡുകളിലുള്ള പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിലവിലുള്ള ക്യാമറകള്‍ക്ക് പുറമെയാണ് പുതുതായി എണ്ണൂറോളം ക്യാമറകള്‍ കൂടി വരുന്നത്. ഓവര്‍ സ്പീഡ് കണ്ടെത്താന്‍ റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകള്‍ ഇതിലുണ്ടാകും. വാഹനത്തിന്റെ ചിത്രമെടുക്കാനും നമ്ബര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനവും ഈ ക്യാമറകളിലുണ്ടാകുമെന്നും കെല്‍ട്രോണ്‍ അറിയിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12-ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം 23 മുതൽ ക്രിസ്മസ് അവധി ആരംഭിക്കും. ജനുവരി രണ്ടു വരെയാണ് ക്രിസ്മസ് അവധി.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാഭ്യാസ കലണ്ടറനുസരിച്ച് ഡിസംബർ മൂന്നിന് സ്‌കൂൾ പ്രവൃത്തിദിനമായിരുന്നത് ജനുവരി ഏഴിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തു. ഡിസംബർ മൂന്ന് ആറാമത്തെ പ്രവൃത്തിദിനമായതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം ഉയർന്നതിനാലാണ് നടപടി.

അതേസമയം, സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കാൻ മതിയായ സാവകാശം അനുവദിക്കും. സംരക്ഷിത അധ്യാപകർക്ക് മാതൃവിദ്യാലയത്തിൽനിന്ന് മാറ്റം കിട്ടുന്നതു വരെയുള്ള കാലയളവ് അംഗീകൃത അവധിയായി പരിഗണിക്കാൻ നടപടി സ്വീകരിക്കും.

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയച്ചു. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. പനി, ചുമ, മൂക്കൊലിപ്പ് വീക്കമുള്ള കണ്ണുകൾ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്.

അഞ്ചാംപനിയുടെ പ്രധാനപ്പെട്ട ലക്ഷണംപനിയാണ്. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അത് കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. എന്നുമുതൽ കൂട്ടുമെന്ന കാര്യം മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർദ്ധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.

അതേസമയം, സംസ്ഥാനത്ത് മദ്യവിലയും കൂടും. മദ്യകമ്പനികൾ ബിവറേജസ് കോർപറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർദ്ധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. ഹൈക്കോടതി രജിസ്റ്റാർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 58 ആക്കി ഉയർത്തണമെന്നാണ് ആവശ്യം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് ഹൈക്കോടതി രജിസ്റ്റാർ ജനറൽ കത്ത് നൽകിയത്.

പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകും. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ പറയുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിയും. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ പറയുന്നു.

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകി നരേന്ദ്ര മോദി സർക്കാർ. രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകി. യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായാണ് തൊഴിൽ മേള നടന്നത്. വിഡിയോ കോൺഫറൻസ് വഴിയാണ് നിയമന ഉത്തരവുകൾ പ്രധാനമന്ത്രി കൈമാറിയത്.

നിയമനം ലഭിക്കുന്നവർക്കുള്ളള്ള ഓൺലൈൻ പരിശീലന പരിപാടിയായ കർമയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, പാരാമെഡിൽ ജീവനക്കാർ തുടങ്ങിയ ഒഴിവുകളിലാണ് നിയമന ഉത്തരവുകൾ നൽകിയത്.

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാർ എയർ സുവിധ പോർട്ടലിൽ ചെയ്തിരുന്ന രജിസ്‌ട്രേഷൻ നിബന്ധന ഒഴിവാക്കി. കോവിഡ് വാക്‌സിനേഷനുള്ള സെൽഫ് ഡിക്ലറേഷൻ ഫോം ആണ് വിദേശത്ത് നിന്ന് വരുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്.

കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. ഇത് ഒഴിവാക്കിയുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

കോവിഡ് വാക്‌സിനേഷൻ വർദ്ധിച്ചതും കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കോഴിക്കോട്: ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം പദ്ധതിയ്ക്ക് കോഴിക്കോട് തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഉത്തരവാദിത്ത ടൂറിസം മിഷൻ YEW യൂത്ത് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ‘AVENTURA’ Beypore Surfing ക്ലബ്ബിന് രൂപം നൽകിയത്. ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.
ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഏത് പ്രായക്കാരെയും ഇവിടെ പരിശീലിപ്പിക്കും.

ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച വിദഗ്ദ്ധരാണ് പരിശീലനം നൽകുക.. 19 ലക്ഷം രൂപയും ടൂറിസം വകുപ്പും DTPC കോഴിക്കോട് 3 ലക്ഷം രൂപയും ചിലവഴിച്ച് പത്ത് പേർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകിയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.

ജലസാഹസിക ടൂറിസത്തിന് കേരളത്തിലുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് കൊണ്ടാണ് ടൂറിസം വകുപ്പ് അക്കാദമിക്ക് വേണ്ടി മുൻകൈ എടുത്തത്. ബീച്ച് ടൂറിസം ശക്തമായ കേരളത്തിൽ ജലസാഹസിക വിനോദം ശക്തിപ്പെടുത്താൻ ആണ് തീരുമാനം. സുരക്ഷിതമായ സാഹസിക ജല ടൂറിസത്തിന് ലോകമെമ്പാടും ടൂറിസം പ്രേമികൾ മികച്ച സ്വീകരണമാണ് നൽകുന്നത്.

പത്തനംതിട്ട: ശബരിമല കയറ്റത്തില്‍ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുതെന്നും നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരികയാണെന്നും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും മന്ത്രി കൂ്ട്ടിച്ചേര്‍ത്തു.

പ്രധാനമായും ശ്രദ്ധിക്കേണ്ടവ

  1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം.
  2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
  3. മലകയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.
  4. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ള തീര്‍ത്ഥാടകര്‍ മലകയറ്റം ഒഴിവാക്കുന്നതാണ് നല്ലത്.
  5. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതി മര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
  6. പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ള തീര്‍ത്ഥാടകര്‍ കഴിക്കേണ്ട മരുന്നുകള്‍, ചികിത്സാരേഖകള്‍ എന്നിവ കരുതുക
  7. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക
  8. ആരോഗ്യ പ്രശ്‌നങ്ങളുള്ള തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുക.
  9. മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം ശീലമാക്കി ശാരീരികക്ഷമത ഉറപ്പാക്കുന്നതും നല്ലതാണ്.

അതേസമയം, ശബരിമല പാതകളായ നീലിമല താഴെ, നീലിമല മധ്യഭാഗം, നീലിമല മുകളില്‍, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മധ്യഭാഗം, അപ്പാച്ചിമേട് മുകളില്‍, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ്, ശരംകുത്തി, വാവരുനട, പാണ്ടിത്താവളം, സ്വാമി അയ്യപ്പന്‍ റോഡില്‍ ചരള്‍മേട് മുകളില്‍, ഫോറസ്റ്റ് മോഡല്‍ ഇഎംസി, ചരല്‍മേട് താഴെ, കാനന പാതയില്‍ കരിമല എന്നിവിടങ്ങളില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാനന പാതയില്‍ വനംവകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാണ്.

തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിഫിബ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പമ്പ ആശുപത്രി, നീലിമല, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, സന്നിധാനം ആശുപത്രി, സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തന സജ്ജമാണ്.