ശബരിമല: സന്നിധാനത്തു ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേര്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തത് ഇന്നാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വന്‍ തീര്‍ത്ഥാടക പ്രവാഹമായിരുന്നു ശബരിമലയില്‍ ഇത്തവണ കാണാന്‍ സാധിച്ചത്.
അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52 കോടി രൂപയില്‍ കവിഞ്ഞു. അപ്പം അരവണ വില്‍പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനം വഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഭക്തര്‍ സന്നിധാനത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ആദ്യ പത്ത് ദിനത്തില്‍ അപ്പം അരവണ വില്‍പന വഴി 26 കോടി രൂപ കിട്ടി. കാണിക്കയായി പന്ത്രണ്ട് കോടിയും ലഭിച്ചു. തീര്‍ഥാടകരുടെ മുറിവാടക ഇനത്തില്‍ 48 ലക്ഷം രൂപയാണ് വരുമാനം. അഭിഷേകത്തില്‍ നിന്ന് 31 ലക്ഷവും ലഭിച്ചു. ആകെ 52 കോടി.
എന്നാല്‍, കഴിഞ്ഞ വര്‍ഷം 9.92 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ഉത്സനടത്തിപ്പിനാണ് ചെലവാകുന്നത്. ദിവസം ശരാശരി രണ്ടര ലക്ഷം അരവണയാണ് സന്നിധാനത്ത് വില്‍ക്കുന്നത്. 51 ലക്ഷം കണ്ടെയ്‌നര്‍ അരവണ സ്റ്റോക്കുണ്ട്. ദര്‍ശനം പൂര്‍ണമായും ബുക്കിംഗ് വഴി ആണ് നടക്കുന്നത്. ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി മടങ്ങി.

