Highlights (Page 204)

ന്യൂഡല്‍ഹി: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കുക. പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാവിലെ 6.30 നാണ് പരിപാടി.ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന യോഗ സ്വാസ്ഥ്യത്തിന് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജിജുവും പരിപാടിയില്‍ പങ്കെടുക്കും. മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.യോഗയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 190 രാജ്യങ്ങളിലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടാൻ തീരുമാനം. ബാർ ഉടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ബെവ്‌കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്നാണ് ബാറുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റേതാണ് തീരുമാനം.

കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബാറുകളുടെ വെയർ ഹൗസ് മാർജിൻ 25 ശതമാനമാക്കിയാണ് ഉയർത്തിയത്. കൺസ്യൂമർ ഫെഡിന്റേത് 20 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ബെവ്‌കോയിൽ നിന്നും മദ്യം വാങ്ങുമ്പോഴുള്ള വെയർ ഹൗസ് മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനെയും ബാറുകളെയും പ്രതിസന്ധിയിലാക്കുന്നത്.

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനിച്ചിരിക്കുന്നത്. മദ്യ വിൽപ്പനയിലെ ലാഭം ഉപയോഗിച്ചാണ് കൺസ്യൂമർ ഫെഡിൻറെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാൻ കിറ്റ് വിതരണവും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ട്.

മണാലി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റോഹ്ത്താങ് പാസ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടം വീണ്ടും തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി സഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി 654622 സഞ്ചാരികള്‍ മണാലിയില്‍ എത്തിയിരുന്നു. കോവിഡ് വ്യാപനത്തില്‍ വന്‍ നഷ്ടത്തിലായ ടൂറിസം മേഖലയിലുള്ളവര്‍ പുതിയ പ്രതീക്ഷയിലാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പുറത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് റോഹ്ത്തങ് ചുരത്തില്‍ നിന്ന ലാഹുല്‍ താഴ്നരയിലേക്ക് കടന്ന് അടല്‍ ടണല്‍ വഴി മണാലിയിലേക്ക് മടങ്ങാം. സുരക്ഷാ നടപടിയായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ എന്നിവയിലം ജീവനക്കാര്‍ക്ക് പ്രതിവാര ആര്‍ ടി പിസി ആര്‍ പരിശോധന നടത്തുന്നുണ്ട്.

ന്യൂഡൽഹി: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകളുമായി ട്രൂകോളർ. ഗ്രൂപ്പ് വോയ്സ് കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ് ക്ലീനർ തുടങ്ങിയ ഫീച്ചറുകളാണ് ട്രൂകോളർ പുതുതായി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ട്രൂകോളർ അപ്‌ഡേറ്റ് ചെയ്താൽ പുതിയ സേവനങ്ങൾ ലഭ്യമാകും.

ഉപയോക്താക്കളുടെ ആവശ്യ പ്രകാരമാണ് പുതിയ ഫീച്ചറുകൾ ട്രൂകോളർ അവതരിപ്പിച്ചതെന്നാണ് വിവരം. ഗ്രൂപ്പ് വോയ്സ് കോളിംഗ് ഫീച്ചറിലൂടെ ഒരേസമയം എട്ട് ആളുകളുമായി വരെ ക്രോസ് ബോർഡർ വോയ്സ് കോളുകൾ നടത്താൻ കഴിയും. ഉപയോഗിക്കാത്ത മെസേജുകൾ നീക്കം ചെയ്ത് ഫോണിന്റെ സ്റ്റോറേജ് ശേഷി വർധിപ്പിക്കുന്ന ഇൻബോക്സ് ക്ലീനറാണ് ട്രൂകോളർ അവതരിപ്പിച്ച മറ്റൊരു ഫീച്ചർ. സ്പാം, ഉപകാരപ്രദമായ ഇൻഫർമേഷൻ, പെയ്മെന്റ്സ് റിമൈൻഡർ എന്നിവ തിരിച്ചറിഞ്ഞ് ഫിൽറ്റർ ചെയ്യുന്നതിനുള്ള അൽഗോരിതം ഉപയോഗിക്കുന്നുവെന്നതാണ് സ്മാർട്ട് എസ്എംഎസ് ഫീച്ചറിന്റെ പ്രത്യേകത.

സിമ്മെട്രിക് എൻക്രിപ്ഷൻ നൽകി എല്ലാ ഗ്രൂപ്പ് വോയ്സ് കോളുകളും സുരക്ഷിതമാക്കുമെന്നാണ് ട്രൂകോളർ വൃത്തങ്ങൾ അറിയിക്കുന്നത്. ഗ്രൂപ്പ് വോയ്സ് കോൾ സമയങ്ങളിൽ യൂസറുടെ അറിവില്ലാതെ ഗ്രൂപ്പിൽ ചേർക്കപ്പെട്ടവരെ സ്പാം യൂസർമാരായി തിരിച്ചറിയാനും ട്രൂകോളറിലൂടെ കഴിയും. ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായിരിക്കും സ്മാർട്ട് എസ്എംഎസ് ഫീച്ചർ അവതരിപ്പിക്കുന്നത്.

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാധ്യത. കോവാക്സിന്റെ താത്പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചു. രേഖകൾ സമർപ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷൻ യോഗം ജൂൺ 23 ന് നിശ്ചയിച്ചിരിക്കുകയാണ്.

ജൂലൈ- സെപ്തംബർ മാസത്തോടെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയതോ ലൈസൻസില്ലാത്തതോ ആയ ഉത്പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയിൽ ഉൾപ്പെടുകയെന്നത്. ഇതിന് മുന്നോടിയായി നടക്കുന്ന പ്രക്രിയയാണ് പ്രീ സബ്മിഷൻ. ഉത്പന്നത്തിന്റെ ഗുണഫലങ്ങളും പോരായ്മകളുമെല്ലാം പ്രീ സബ്മിഷനിൽ പരിശോധിക്കും. വാക്സിന്റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയാൽ കോവിഡ് പ്രതിരോധത്തിന്റെ നിർണായക ചുവടുവെയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക പുറത്തുവിട്ട് സെൻട്രൽ ബാങ്ക്. 20700 കോടിയാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണിതെന്നാണ് വിവരം.

2019 ൽ ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിൽ ത്വിസ് ബാങ്കിൽ ഉണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. 2006 ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ 2011, 2013, 2017 വർഷങ്ങളിൽ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായി. കസ്റ്റമർ നിക്ഷേപത്തിലൂടെ 4000 കോടി രൂപയുടെയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയുടെയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയുടെയും നിക്ഷേപമാണ് 2020 ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും രൂപത്തിലുമാണ് ഇവയുള്ളത്.

കസ്റ്റമർ മുഖേനയുള്ള നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019 നേക്കാൾ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ട്. 2018 മുതൽ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് സ്വിസ് ബാങ്ക് നികുതി വിഭാഗത്തിന് കണക്കുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.

സ്വിസ് ബാങ്കിലെ വിദേശ നിക്ഷേപത്തിൽ 51 -ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് യുകെയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് അമേരിക്കയുമാണ്. ആദ്യ പത്ത് സ്ഥാനങ്ങളിൽ വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോംഗ്, ജർമനി, സിംഗപ്പൂർ, ലക്‌സംബർഗ്, ബഹാമാസ് തുടങ്ങിയ രാജ്യങ്ങൾ ഇടംനേടിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്ന സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി കെ സുധാകരൻ. മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകൾ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം ഉള്ള സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിപ്പിക്കുകയാണ് നിലവിൽ സർക്കാരിന്റെ മാനദണ്ഡം. ജനങ്ങൾക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കേരളത്തിനേക്കാൾ ടിപിആറും കോവിഡ് കേസുകളും ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങി. എന്നാൽ കേരളം ഇപ്പോഴും കനത്ത കോവിഡ് ഭീതിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനം തുറന്ന് കൊടുത്തതിലടക്കം സർക്കാർ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ അപ്രായോഗികമാണെന്ന് കെ സുധാകരൻ വിമർശിച്ചു. സർക്കാർ ഉദ്യേഗസ്ഥരടക്കം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ പൊതു ഗതാഗതം പരിമിതപ്പെടുത്തുന്നത് ഫലത്തിൽ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യപൂർവ്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്. വാരാന്ത്യ ലോക്ക് ഡൗൺ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാർഗങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. വെള്ളിയാഴ്ചകളിൽ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ടിപിആർ കൂടുന്നതിനനുസരിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും നീട്ടുകയും ചെയ്യുക എന്നതിലുപരിയായി ഒരു ദീർഘവീക്ഷണവും സർക്കാരിനില്ല. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.

മിക്ക രാജ്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിച്ച് നിലവിലെ പ്രതിസന്ധിയെ മറികടക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇരകളെ സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ പട്ടിക പുറത്തുവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. ഗോവയാണ് ആദ്യഡോസ് വിതരണം ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഗോവയിലെ ജനസംഖ്യയിൽ 37.35 ശതമാനത്തിൽ അധികം പേരും വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. സിക്കിമാണ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 37.29 ശതമാനം പേർ സിക്കിമിൽ വാക്സിന്റെ ഒന്നാം ഡോസ് കുത്തിവെയ്‌പ്പെടുത്തു. ഹിമാചൽ പ്രദേശാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹിമാചൽ പ്രദേശിൽ 30.35% പേരാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. നാലാം സ്ഥാനത്തുള്ള ത്രിപുരയിൽ 29.07% പേർ ആദ്യഡോസ് വാക്സിൻ എടുത്തു. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. ഇതുവരെ 26.23 ശതമാനം പേർ സംസ്ഥാനത്ത് വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു.

പട്ടികയിൽ ഗുജറാത്ത് ആറാം സ്ഥാനത്തും ഡൽഹി ഏഴാം സ്ഥാനത്തുമാണ്. ഗുജറാത്തിൽ 25.69 ശതമാനം പേരും ഡൽഹിയിൽ 25.39 ശതമാനം പേരും ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് ഉത്തർപ്രദേശാണ്. 8.53 ശതതമാനം പേർക്ക് മാത്രമാണ് ഉത്തർ പ്രദേശ് ആദ്യഡോസ് വാക്സിൻ നൽകിയിട്ടുള്ളത്..

അതേസമയം രാജ്യത്ത് ഇതുവരെ 21.58 കോടിയിൽ അധികം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് രണ്ട് ഡോസുകളും നൽകിയവരുടെ പട്ടികയിൽ മുന്നിലുള്ളത്. ജനസംഖ്യയിൽ 13 ശതമാനത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്സിൻ നൽകിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലക്ഷദ്വീപിൽ പത്തുശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനും നൽകി കഴിഞ്ഞു.

covid

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളിലൊന്നാണ് വാക്‌സിൻ കുത്തിവെയ്പ്പ്. വാക്‌സിനേഷൻ ഡ്രൈവിലൂടെ കോവിഡിനെതിരെ പ്രതിരോധം തീർക്കാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. വാക്‌സിൻ സംബന്ധിച്ച് നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വാക്‌സിന് പാർശ്വഫലങ്ങളുണ്ടെന്നും ചില വാക്‌സിനുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കൽ ഉണ്ടായെന്നും മരണം സംഭവിച്ചുവെന്നുമുള്ള തരത്തിൽ ധാരാളം പ്രചാരണങ്ങൾ നടന്നിരുന്നു. ഇത്തരം വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.

ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്നും ഇത് വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്നുമാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) വ്യക്തമാക്കുന്നത്. സിഡിസിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച 11.2 ദശലക്ഷം പേരിൽ 35 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്‌നം നേരിട്ടത്.

50 വയസ്സിനു താഴെയുള്ള സ്ത്രീകൾ വാക്‌സിന്റെ ചില അപൂർവ വിപരീതഫലങ്ങളെ കുറിച്ച് കരുതിയിരിക്കണമെന്നും സിഡിസി നിർദ്ദേശിക്കുന്നു. വാക്‌സിൻ എടുത്തവരിൽ ഹൃദയപേശികൾ വികസിക്കുന്ന രോഗമായ മയോകാർഡൈറ്റിസും കടുത്ത അലർജി പ്രതികരണമായ അനാഫിലാക്‌സിസും അപൂർവമായി കണ്ടു വരുന്നതായും ഡിസിസി വ്യക്തമാക്കുന്നു. മയോകാർഡൈറ്റിസ് അസാധാരണ ഹൃദയമിടിപ്പിലേക്കും ഹൃദയസ്തംഭനത്തിലേക്കും വരെ നയിക്കാൻ സാധ്യതയുണ്ട്.

30 വയസ്സോ അതിനു താഴെ പ്രായമുള്ളവരോ ആയ 623 പേരിലാണ് കോവിഡ് വാക്‌സിനെ തുടർന്ന് മയോകാർഡൈറ്റിസ് ഉണ്ടായത്. അതേസമയം അനാഫിലാക്‌സിസ് ഏതൊരു വാക്‌സിനേഷന് ശേഷവും സംഭവിക്കാമെന്നും സിഡിസി വിശദീകരിക്കുന്നു. അവ ഉടനെ കണ്ടെത്താൻ സാധിച്ചാൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ വച്ച് തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. ഡിസിസിയുടെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ 302 ദശലക്ഷം ഡോസ് വാക്‌സിൻ നൽകിയതിൽ 5000 പേരാണ് മരണപ്പെട്ടത്.

online class

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിലേക്കു മാറിയതോടെ കുട്ടികൾക്ക് 15 മിനിറ്റിൽ അധികം ക്ലാസുകളിൽ തുടരാൻ താൽപര്യമില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ ഭരണകൂടം തയ്യാറാക്കി മുഖ്യമന്ത്രിക്കു കൈമാറിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ മേൽനോട്ടം പലപ്പോഴും ലഭിക്കാത്തതിനാൽ പഠനത്തിനിടെ കുട്ടികൾ ഓൺലൈൻ ഗെയിമിലോ മറ്റു വിനോദങ്ങളിലോ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ തിരക്കിയ വൊളന്റിയർമാരോടു കുട്ടികൾ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങളാണിവ. മാതാപിതാക്കൾ ജോലിയ്ക്ക് പോകുന്ന വീടുകളിലുള്ള കുട്ടികളുടെ പഠന കാര്യങ്ങളിൽ മേൽനോട്ടം കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ മികവാർന്ന കുട്ടികൾ പാഠഭാഗങ്ങൾ പെട്ടെന്നു പഠിക്കുകയും മനസിലാക്കുകയും ചെയ്യും. എന്നാൽ ശരാശരി നിലവാരത്തിലോ അതിന് താഴെയോ ഉള്ളവർ പാഠഭാഗങ്ങൾ മനസിലാക്കിയെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ തന്നെ പാഠഭാഗങ്ങൾ എല്ലാവർക്കും ആകർഷകമായ രീതിയിൽ എങ്ങനെ പഠിപ്പിക്കാം എന്ന കാര്യത്തൽ അധ്യാപകർക്കു പരിശീലനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർ നവജ്യോത് സിംഗ് ഖോസയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണ് സർവെ നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്നോ സെന്ററിലെയും എം.എസ്.ഡബ്ള്യു. വൊളന്റിയർമാരും സഹകരിച്ചു. പഠന റിപ്പോർട്ടിന്റെ പകർപ്പ് ബഹു. പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്കും സമർപ്പിച്ചു.