ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാധ്യത. കോവാക്സിന്റെ താത്പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചു. രേഖകൾ സമർപ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷൻ യോഗം ജൂൺ 23 ന് നിശ്ചയിച്ചിരിക്കുകയാണ്.
ജൂലൈ- സെപ്തംബർ മാസത്തോടെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയതോ ലൈസൻസില്ലാത്തതോ ആയ ഉത്പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയിൽ ഉൾപ്പെടുകയെന്നത്. ഇതിന് മുന്നോടിയായി നടക്കുന്ന പ്രക്രിയയാണ് പ്രീ സബ്മിഷൻ. ഉത്പന്നത്തിന്റെ ഗുണഫലങ്ങളും പോരായ്മകളുമെല്ലാം പ്രീ സബ്മിഷനിൽ പരിശോധിക്കും. വാക്സിന്റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയാൽ കോവിഡ് പ്രതിരോധത്തിന്റെ നിർണായക ചുവടുവെയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

