ഓൺലൈൻ പഠനം; കുട്ടികൾക്ക് 15 മിനിട്ടിൽ അധികം ക്ലാസുകളിൽ തുടരാൻ താത്പര്യമില്ലെന്ന് പഠന റിപ്പോർട്ട്

online class

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിലേക്കു മാറിയതോടെ കുട്ടികൾക്ക് 15 മിനിറ്റിൽ അധികം ക്ലാസുകളിൽ തുടരാൻ താൽപര്യമില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ ഭരണകൂടം തയ്യാറാക്കി മുഖ്യമന്ത്രിക്കു കൈമാറിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ മേൽനോട്ടം പലപ്പോഴും ലഭിക്കാത്തതിനാൽ പഠനത്തിനിടെ കുട്ടികൾ ഓൺലൈൻ ഗെയിമിലോ മറ്റു വിനോദങ്ങളിലോ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ തിരക്കിയ വൊളന്റിയർമാരോടു കുട്ടികൾ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങളാണിവ. മാതാപിതാക്കൾ ജോലിയ്ക്ക് പോകുന്ന വീടുകളിലുള്ള കുട്ടികളുടെ പഠന കാര്യങ്ങളിൽ മേൽനോട്ടം കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ മികവാർന്ന കുട്ടികൾ പാഠഭാഗങ്ങൾ പെട്ടെന്നു പഠിക്കുകയും മനസിലാക്കുകയും ചെയ്യും. എന്നാൽ ശരാശരി നിലവാരത്തിലോ അതിന് താഴെയോ ഉള്ളവർ പാഠഭാഗങ്ങൾ മനസിലാക്കിയെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ തന്നെ പാഠഭാഗങ്ങൾ എല്ലാവർക്കും ആകർഷകമായ രീതിയിൽ എങ്ങനെ പഠിപ്പിക്കാം എന്ന കാര്യത്തൽ അധ്യാപകർക്കു പരിശീലനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർ നവജ്യോത് സിംഗ് ഖോസയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണ് സർവെ നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്നോ സെന്ററിലെയും എം.എസ്.ഡബ്ള്യു. വൊളന്റിയർമാരും സഹകരിച്ചു. പഠന റിപ്പോർട്ടിന്റെ പകർപ്പ് ബഹു. പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്കും സമർപ്പിച്ചു.