ന്യൂഡൽഹി: ഇന്ത്യക്കാർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്. വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോൾ പുതിയ പിക്ചർ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പണം ഇടപാടുകൾക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാനായി ഈ പുതിയ ഫീച്ചർ വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇനി ജന്മദിനങ്ങൾ, അവധി ദിവസങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോൾ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാം.
പണം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും കൂടുതൽ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ ലക്ഷ്യമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതൽ സവിശേഷതകളും പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്സ്ആപ്പിൽ പണമിടപാടുകൾ രസകരമായ അനുഭവമായി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

