തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോഗികൾ. 266 പുതിയ കൊവിഡ് കേസുകൾ കൂടി 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് കൊവിഡ് മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. സംസ്ഥാനത്തെ ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.
423 കേസുകളാണ് ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോഗികളും കേരളത്തിലാണ്. കൊവിഡ് രോഗികൾ കർണാടകത്തിലും ഉയരുകയാണ്. 70 പുതിയ കേസുകളാണ് ഇന്നലെ കർണാടകത്തിൽ സ്ഥിരീകരിച്ചത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഇതോടെ 3420 ആയി. അതേസമയം വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തൽകാലം ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

