Health (Page 34)

തിരുവനന്തപുരം: സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എൽ. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്. ഇതിൽ 5 ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളിൽ കൂടി ഉടൻ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആർദ്രം മിഷന്റെ ഭാഗമായി സമഗ്ര കാൻസർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീൻ ചെയ്തു വരുന്നു. ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീൻ ചെയ്തതിൽ 7.9 ലക്ഷത്തിലധികം പേർക്കാണ് സ്തനാർബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാൻസർ സ്തനാർബുദമാണ്. അതിനാൽ തന്നെ സ്തനാർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകുന്നു.

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർസിസിയിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമാക്കി. തലശേരി എംസിസിയിലും റോബോട്ടിക് സർജറി ഉടൻ യാഥാർത്ഥ്യമാകും. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട്, കാൻസർ രജിസ്ട്രി എന്നിവ നടപ്പിലാക്കി. ഇതുകൂടാതെ കാൻസർ കണ്ടെത്താൻ സ്‌പെഷ്യൽ ക്യാമ്പുകൾ നടത്തി വരുന്നു. പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ കൂടി കാൻസർ പ്രാരംഭ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആർസിസിയിലും എംസിസിയിലും പ്രധാന മെഡിക്കൽ കോളേജുകളിലും നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. ഇതോടൊപ്പം സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശീലനവും സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന എക്‌സ്-റേ പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തിൽ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് സ്തനാർബുദമല്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം. ഇനിമുതൽ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ ഡോക്ടർമാരോട് കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മരുന്നുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുക  എന്നതാണ് ലക്ഷ്യം. അത്രയും ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്കുകൾ  നിർദേശിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രോഗികൾ, എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന്  മനസ്സിലാക്കണം. ആന്റിബയോട്ടിക്കുകൾ  ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 2024-ൽ  ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം. അതുപോലെ മരുന്നുകടകളിൽ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ അമൃത് എന്ന പദ്ധതിയുടെ ഭാഗമായി  പരിശോധനയും  കർശനമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: ശരീര കോശങ്ങളിലെ ലൈസോസോമുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള എൻസൈമുകൾ ഇല്ലാത്തത് കാരണം അവയവങ്ങൾക്ക് നാശം സംഭവിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ലൈസോസോമൽ സ്റ്റോറേജ് ഡിസോഡർ (lysosomal storage disorder). പോംപെ, ഗോഷെ എന്നീ രോഗങ്ങൾക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

വിലയേറിയ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 5 പേർക്കാണ് മരുന്ന് നൽകിയത്. അപൂർവ രോഗ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെ.എം.എസ്.സി.എൽ. മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു.

അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം നടത്തുന്ന മാതൃകാപരമായ ഇടപെടലുകളെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു. നവകേരള സദസിനിടെ പരാതി നൽകിയ അമ്മയേയും കണ്ടു. അവരുടെ കുഞ്ഞിനും മരുന്ന് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.

പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം എന്നാണ്. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല. പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. എന്നാൽ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തും.

കടകളിൽ നിന്നും പാർസലായി വിൽപ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയും വിജകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ പകുത്ത് നൽകിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം എട്ടിനായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ ആന്റ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്‌ട്രോ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂണിറ്റ് ക്യാൻസർ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂണിറ്റിന്റെയും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതുതായി പ്രവർത്തനം തുടങ്ങുന്ന റോബോട്ടിക് സർജറി യൂണിറ്റ് ആർ.സി.സിയുടെ കാര്യശേഷി വർധിപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണു നിലവിൽ റോബോട്ടിക് സർജറി സംവിധാനമുള്ളത്. ഇതു തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനം ആരംഭിക്കുന്നതു സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്. സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. രോഗിയുടെ വേദന കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കിടയിലെ രക്തസ്രാവം കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള റിക്കവറി ടൈം കുറയ്ക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർസിസിയിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനവും ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സജ്ജമാക്കുന്നതെന്നും റീബിൽഡ് കേരള ഇനിഷ്യേറ്റിവിലൂടെയാണ് ഇതിനുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശസ്ത്രക്രിയ വേളയിൽത്തന്നെ ക്യാൻസർബാധിത ശരീരഭാഗത്ത് കീമോ തെറപ്പി നൽകാൻ കഴിയുന്നതാണു ഹൈപ്പർ തെർമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറപ്പി അഥവാ ഹിപെക്. 1.32 കോടി ചെലവിലാണ് ഈ നൂതന ചികിത്സാ സംവിധാനം ആർ.സി.സിയിൽ ഒരുക്കിയിട്ടുള്ളത്. ക്യാൻസർ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാർഗങ്ങളിലൊന്നാണ് ഇത്. രോഗികൾക്കു ലഭ്യമാക്കുന്ന സേവനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താൻ ആർസിസി തയാറാകുന്നുണ്ടെന്നതിന്റെ തെളിവാണ് പുതുതായി ആരംഭിച്ച പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്. പ്രതിവർഷം 17,000ൽപ്പരം പുതിയ രോഗികളും രണ്ടു ലക്ഷത്തിൽപ്പരം പഴയ രോഗികളും ആർ.സി.സിയിൽ ചികിത്സയ്‌ക്കെത്തുന്നുണ്ട്. പുതിയ പേഷ്യൻ വെൽഫെയർ ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും കാത്തിരുപ്പുവേള സുഖപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.65 കോടി രൂപ ചെലവിൽ നിർമിച്ച ഈ സൗകര്യം ഒരുക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സിഎസ്ആർ ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ നൽകിയിരുന്നു. ഒരു കോടിയോളം രൂപ ചെലവിൽ നവീകരിച്ച ക്ലിനിക്കൽ ലബറോട്ടറി ട്രാക്കിങ് സംവിധാനവും മുഖ്യമന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ ലബോറട്ടറി പരിശോധനകൾ നിർവഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഓട്ടൊമേറ്റഡ് സംവിധാനമാണിത്.

ആർ.സി.സിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ ഡി.ആർ. അനിൽ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ, അഡിഷണൽ ഡയറക്ടർ ഡോ. എ. സജീദ് എന്നിവരും പങ്കെടുത്തു.

സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഇത് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോബോട്ടിക് സർജറി കേന്ദ്രങ്ങൾക്ക് വിദേശത്തായി പോകുന്നവർക്ക് ഇനി മുതൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകാൻ കഴിയും. രോഗികൾക്ക് ഇതുവഴി ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഗണ്യമായി കുറയും. വൈകാതെ മലബാർ കാൻസർ സെന്ററിലും സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തിന്റെ തുടക്കമാണ് കാൻസർ ചികിത്സാരംഗത്ത് എന്ന് മന്ത്രി വീണാ ജോർജും വ്യക്തമാക്കി.

പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്ക്, എച് ഐ പി ഇ സി ചികിത്സാ സംവിധാനം, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്‌സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. ഓരോ വ്യക്തിയും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും മുൻനിർത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിയ്ക്കരുത്. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കാതിരിക്കാനും അവബോധം നൽകി വരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതും തെറ്റായ ക്രമങ്ങളിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും ആപത്താണ്. അതിനാൽ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികൾക്ക് വേണ്ടി അവരാൽ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സർക്കാർ പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികൾ നടന്നു വരുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആർദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങൾ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരിൽ ഒരു ക്യാമ്പയിനും സർക്കാർ ആരംഭിക്കുന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുള്ള ആർക്കും സന്നദ്ധ സേന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ/എൻ.ജി.ഒ/സി.ബി.ഒ മേഖലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ പിന്തുണയോടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയർ പരിശീലനം നൽകും. പരിശീലനത്തിന് ശേഷം വോളണ്ടിയർമാർക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ മേഖലയിൽ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെട്ട 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കന്ററി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർ.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ 44 സെക്കന്ററി ലെവൽ യൂണിറ്റുകളും ഹോമിയോ വകുപ്പിന് കീഴിൽ 18 സെക്കന്ററി യൂണിറ്റുകളുമുണ്ട്. എൻ.ജി.ഒ/സി.ബി.ഒ മേഖലയിൽ 500-ലധികം യൂണിറ്റുകൾ വീടുകളിലെത്തി മെഡിക്കൽ കെയറും, നഴ്സിംഗ് പരിചരണവും നൽകുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയർ രോഗികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന നിരവധി ചാരിറ്റി, സോഷ്യൽ ഓർഗനൈസേഷനുകളുമുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു.

വാരാചരണത്തിന്റെ ഭാഗമായി ജനുവരി 15 മുതൽ ജനുവരി 21 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരൽ, ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ പരിശീലന പരിപാടികൾ, കുടുംബശ്രീ സ്‌പെഷ്യൽ അയൽക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും സംഘടിപ്പിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാർക്കും (ബാച്ചുകളായി) ഒരു മണിക്കൂർ ബോധവൽക്കരണം നൽകും. കെയർ ഹോമുകളിൽ/ഡേ കെയർ സെന്ററുകളിൽ സാംസ്‌കാരിക പരിപാടികൾ, വാർഡ് തല വോളണ്ടിയർ ടീം രൂപീകരണവും കിടപ്പ് രോഗികളെ സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കലും, കിടപ്പ് രോഗികളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കൽ, രോഗികൾക്കുള്ള വൊക്കേഷണൽ റീഹാബിലിറ്റേഷൻ പരിശീലനം, മെഡിക്കൽ, നഴ്‌സിംഗ് സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നു. എല്ലാവരും ഈ കാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പഫ്സിൽ നിന്നും ഭക്ഷ്യ വിഷബാധ, വർഷങ്ങൾക്ക് ശേഷം നഷ്ടപരിഹാരമായി അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയാണ് വിധി പറഞ്ഞത്. ഉപഭോക്തൃ കോടതിയുടെ ഉത്തരവ് വന്നത് മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ്.

ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്, മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എന്‍. ഭാസ്‌കരനെതിരെ സമര്‍പ്പിച്ച പരാതിയിലാണ്.മൂവാറ്റുപുഴയിലെ സുശീലാ ബേക്കറിയില്‍ നിന്നും 2019 ജനുവരി 26നാണ് കുടുംബം പഫ്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിച്ചത്. തുടര്‍ന്ന് കുടുംബത്തിന് വേദനയും ഛർദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ചികിത്സ തേടുകയും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും പരാതിപ്പെടുകയുമായിരുന്നു.

തുടർന്ന് പ്രാണികള്‍ ഉള്ള ബ്രോക്കണ്‍ നട്ട്‌സും ഭക്ഷ്യവസ്തുക്കള്‍ തുറന്ന മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതായും ബേക്കറിയില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തി. ബേക്കറിയുടെ ശുചിത്വത്തില്‍ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലും അപാകത കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 3000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കോടതിയുടെ കണ്ടെത്തൽ അനുസരിച്ചു ബേക്കറിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്നാണ്. കോടതി, വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

30 ദിവസത്തിനകം ബേക്കറി ഉടമ 50,000 രൂപ പരാതിക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ക്ക് 30 ദിവസത്തിനകം 50,000 രൂപ ബേക്കറി ഉടമ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.