കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ലോകത്ത് പല ഭാഗങ്ങളിലും ഇപ്പോൾ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ജെഎൻ 1 എന്ന വൈറസ് വകഭേദമാണ് നിലവിൽ ഏറ്റവുമധികം കോവിഡ് കേസുകളുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കോവിഡ് 19നെ ഇപ്പോഴും പേടിക്കേണ്ടതുണ്ട് അത് ഇനിയും ഭീഷണിയായി നിലനിൽക്കുകയാണ് എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം വ്യക്തമാക്കിയിരിക്കുന്നത്. ജെഎൻ 1 തന്നെയാണ് കോവിഡ് കേസുകളുയർത്തുന്നത്. മുമ്പത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങൾ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്. ഓരോ രാജ്യത്തും അതത് സർക്കാരുകൾ ജാഗ്രതയോടെ തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ വ്യക്തിക്കും ഈ ജാഗ്രത ആവശ്യമാണ്. പരിശോധന, വാക്‌സിനേഷൻ എന്നിവയെല്ലാം ഉറപ്പാക്കണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാസങ്ങളിൽ പലയിടത്തും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തോത് നാൽപത് ശതമാനത്തിലധികം ഉയർന്നിരിക്കുന്നു. ഐസിയു ആവശ്യങ്ങൾ 60 ശതമാനത്തിലധികം ഉയർന്ന സാഹചര്യം വരെ കണ്ടു. ഒരു മാസത്തിൽ പതിനായിരം പേരാണ് രോഗം മൂലം മരിക്കുന്നത് എങ്കിൽ അതെല്ലാം തന്നെ നമുക്ക് തടയാൻ കഴിയുമായിരുന്ന മരണങ്ങളായാണ് കണക്കാക്കേണ്ടത്. അങ്ങനെയെങ്കിൽ ഈ മരണങ്ങൾ നമുക്ക് അംഗീകരിക്കാൻ സാധിക്കുമോയെന്നും ഇല്ലായെന്നും അദ്ദേഹം അറിയിച്ചു.