Health (Page 33)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി ഈ വർഷം തന്നെ മാറും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളന്റിയേഴ്സിനെ നിയമിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ആയുർവേദത്തിലെ പുതിയ വിഭാഗം എന്ന നിലയിൽ സ്‌പോർട്‌സ് ആയുർവേദത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും അതിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് ഓഫ് കേരളയ്ക്ക് സാധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ വെൽനെസ്സ് ഇൻ ഫോക്കസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വെൽനെസ് എന്നത് ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ തുടരുക എന്നതാണെന്നു മന്ത്രി പറഞ്ഞു. നല്ല ശീലങ്ങളിലൂടെയും ജീവിത രീതിയിലൂടെയും മാത്രമേ അതു സാധ്യമാകൂ. കായിക വിനോദങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള നല്ല മാർഗ്ഗങ്ങളിലൊന്ന് കായിക വിനോദങ്ങളോ കായിക അധ്വാനമോ ശീലമാക്കുക എന്നതാണ്.

ശാരീരിക ക്ഷമത വർധിപ്പിക്കുക എന്നതും കായിക മത്സരങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകൾ ചികിത്സിച്ചു ഭേദമാക്കുക എന്നതുമാണ് സ്‌പോർട്‌സ് ആയുർവേദയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൃശ്ശൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസേർച് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. ഇതുകൂടാതെ 9 ജില്ലകളിൽ സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലുകൾ പ്രവർത്തിക്കുക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്‌പോർട്‌സ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റുണ്ട്. കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ ഹബ് ആക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എം.ജി.എൽ. ഇവല്യൂഷൻ മാനേജർ ജെസ്സീക്ക ഗോൺസാൽവേസ് ലാർസൺ, കനാൻ എഡ്യൂക്കേഷൻ അക്കാഡമി ജി എം സടോക്കോ വാഡ, ആയുർവേദ സ്‌പോർട്‌സ് സ്‌പെഷ്യലിസ്റ്റ് ഡോ. ജയൻ എന്നിവർ പാനൽ ചർച്ചയിൽ സംസാരിച്ചു.

തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്‌സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷണ പാഴ്‌സലുകൾ നൽകുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ ഭക്ഷണത്തിന്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധിയുൾപ്പടെ പ്രദർശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിർബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദ്ദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ ലേബലിലുണ്ടാകണം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്നാണ്.

പാഴ്‌സൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതാണ്. ലേബൽ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയ പരിധി കഴിഞ്ഞ് കഴിക്കുന്ന പാഴ്‌സൽ ഭക്ഷണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലേബൽ പതിക്കാതെയുള്ള പാഴ്‌സൽ വിൽപന നിരോധിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. അഡ്ജ്യൂഡിക്കേഷൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങളുടെ തുടർ നടപടികൾ സ്വീകരിച്ച് ആർഡിഒ കോടതികൾ മുഖേന കേസുകൾ ഫയൽ ചെയ്യും.

പരിശോധനകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് ഒബ്‌സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള 81,715 പേർക്കും റോഡപകടങ്ങളിലൂടെ പരിക്കേറ്റ 295 പേർക്കും പാമ്പുകടിയേറ്റ 18 പേർക്കുമാണ് പ്രധാനമായും ചികിത്സ നൽകിയത്. 1546 പേരെ മറ്റാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ഇത്തവണ സന്നിധാനം വരെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യൽ റെസ്‌ക്യൂ വാൻ അനുവദിച്ചിരുന്നു. ഈ സ്‌പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് അടിയന്തര സേവനം നൽകിയതായും മന്ത്രി പറഞ്ഞു. മാതൃകാപരമായ സേവനം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നതിനാൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (സ്വാമി അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂർണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകളും എക്‌സ്‌റേ സൗകര്യവും സജ്ജമാക്കിയിരുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശബരിമല പ്രത്യേക വാർഡ് സജ്ജാക്കിയിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിച്ചു. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പമ്പ സർക്കാർ ആശുപത്രിയിൽ കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലും കാനനപാതയിൽ 4 സ്ഥലങ്ങളിലും എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ സ്ഥാപിച്ചിരുന്നു. ആയുഷ് വിഭാഗത്തിന്റെ സേവനവും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

പമ്പയിലും നിലയ്ക്കലും എരുമേലിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമൊക്കെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകൾ സജ്ജമാക്കി 470 തീർത്ഥാടകർക്ക് സേവനം ലഭ്യമാക്കിയിരുന്നു. കനിവ് 108 ആംബുലൻസുകൾ വഴി 363 തീർത്ഥാടകർക്കാണ് സേവനമെത്തിച്ചത്. ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റെസ്‌ക്യു വാൻ, പമ്പയിൽ വിന്യസിച്ച ഐ.സി.യു ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളും ഏഴ് കനിവ് 108 ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. 31 പേർക്ക് ബൈക്ക് ഫീഡർ ആംബുലൻസിന്റെ സേവനവും 27 പേർക്ക് ഐ.സി.യു ആംബുലൻസിന്റെ സേവനവും 155 തീർത്ഥാടകർക്ക് മറ്റ് കനിവ് 108 ആംബുലൻസുകളുടെ സേവനവും നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളിൽ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവർത്തനങ്ങളേയും സംഘം പ്രകീർത്തിച്ചു. ജനുവരി 15 മുതൽ 20 വരെ എറണാകുളം, വയനാട് ജില്ലകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ജോയിന്റ് സപ്പോർട്ടീവ് സൂപ്പർ വിഷൻ ആന്റ് മോണിറ്ററിംഗ് (JSSM) ടീം നടത്തിയ സന്ദർശത്തിന് ശേഷമാണ് അഭിനന്ദനമറിയിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ജില്ലകളിൽ സന്ദർശനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ, നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററിന്റെ പ്രതിനിധികൾ, ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധികൾ, കേന്ദ്ര സർക്കാർ ഹെൽത്ത് സർവീസിന്റെ പ്രതിനിധികൾ തുടങ്ങി 9 പ്രതിനിധികളാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും രാജ്യത്തൊരിടത്തും ഇപ്പോൾ നിലവില്ലായെന്ന് സംഘം അഭിപ്രായപ്പെട്ടു.

വയനാട് ജില്ലയിൽ സി.എച്ച്.സി. അമ്പലവയൽ, ബത്തേരി താലൂക്കാശുപത്രി, ട്രൈബൽ ആശുപത്രി നല്ലൂർനാട്, എഫ്.എച്ച്.സി. നൂൽപ്പുഴ, എഫ്.എച്ച്.സി. പൊഴുതന എന്നീ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു. ആസ്പിറേഷൻ ജില്ലയായ വയനാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങളിൽ സംഘം അതീവ സന്തുഷ്ടി രേഖപ്പെടുത്തി. നല്ലൂർനാട് എഫ്.എച്ച്.സി.യിലെ ഫിസിയോതെറാപ്പി സെന്റർ, ജിംനേഷ്യം, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ ലോകോത്തര മാതൃകയാണെന്ന് സംഘം അവകാശപ്പെട്ടു. എല്ലാ ജില്ലകളിലേയും ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംഘം തൃപ്തി അറിയിച്ചു. വാഴക്കാട് എഫ്.എച്ച്.സി.യിലെയും, പൊഴുതന എഫ്.എച്ച്.സി.യിലെയും കാലാവസ്ഥ സൗഹൃദ ആശുപത്രി നിർമ്മാണത്തേയും പ്രവർത്തനത്തേയും പ്രത്യേകം അഭിനന്ദിച്ചു.

രണ്ടു ജില്ലകളിലെയും ജില്ലാ കളക്ടർമാരുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും കേരളത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിക്കുകയും ചെയ്തു. എറണാകുളത്ത് വച്ച് നടത്തിയ എക്‌സിറ്റ് മീറ്റിംഗിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ മുൻപാകെ സംഘം റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലീ സ്‌ക്രീനിംഗ്, എൻ.സി.ഡി. ക്ലിനിക്കുകൾ, ഇ-ഹെൽത്ത് എൻ.സി.ഡി. മൊഡ്യൂൾ, ശ്വാസ്, ഡയാലിസിസ്, റെറ്റിനോപ്പതി ക്ലിനിക്ക്, ഫിസിയോതെറാപ്പി യൂണിറ്റുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, 360 മെറ്റബോളിക് സെന്റർ എന്നിവയെക്കുറിച്ച് പൂർണമായി സംതൃപ്തി രേഖപ്പെടുത്തുകയും കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങൾ വേണ്ട വിധത്തിൽ ഡോക്യൂമെന്റഷൻ നടത്തണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു.

സമീകൃതാഹാരമായ പാലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ, 120 മില്ലിഗ്രാം കാത്സ്യം, 66 കലോറി തുടങ്ങിയ അടങ്ങിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് പാൽ. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും പാൽ സഹായിക്കുന്നു. പാലിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും. പാലും പാലുൽപന്നങ്ങളും പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും. പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമായ പാൽ പേശികളുടെ വളർച്ചയിൽ സഹായിക്കുന്നു. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും പാൽ കുടിക്കുന്നത് നല്ലതാണ്.

ലോകത്തിലെ എല്ലാവർക്കും മദ്യമാണ് ആദ്യത്തെ ഇഷ്ട പാനീയം.എന്നാൽ മദ്യമില്ലാത്ത പട്ടികയിലോ? മധ്യമില്ലാത്ത പട്ടികയിൽ ലോകത്തിലെ പ്രിയപ്പെട്ട പാനീയം എന്നത് അഗുവാസ് ഫ്രസ്കസ് എന്ന മെക്സിക്കൻ പാനീയമാണ്. ഈ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ളത് മസാല ചായയും. യാത്രാ ഗൈഡായ ടേസ്റ്റ്‌ അറ്റ്ലസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. ഈ പട്ടികയിലെ ആദ്യത്തെ പദവി ലഭിച്ച പാനീയമായ അഗുവാസ് ഫ്രസ്കസ് എന്നത് മെക്സിക്കൻ പാനീയമാണ്.

പഞ്ചസാര, വെള്ളം, പഴങ്ങൾ, വെള്ളരി, പൂക്കൾ, വിത്തുകൾ, ധന്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. പല മസാലകളും, പഞ്ചസാരയും, പാലും, തേയിലയും ഉപയോഗിച്ചാണ് മസാല ചായ തയ്യാറാക്കുന്നത്. ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി, ഏലം എന്നിവയും ഈ ചായയിൽ ചേർക്കാറുണ്ട്. ബ്രിട്ടീഷ് തേയില വ്യാപാരവുമായാണ് മസാല ചായയുടെ ഉത്ഭവം കൂടുതലായും ബന്ധപ്പെട്ടിരിക്കുന്നത് എന്നും ടേസ്റ്റ് അറ്റ്ലസ്‌ വ്യക്തമാക്കുന്നുണ്ട്. ചായയിലൂടെ ലഭിക്കുന്ന ഊർജ്ജമാണ് ഇന്ത്യയിൽ ചായയെ ജനപ്രിയമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാൻ മികച്ച ഒന്നാണ് ഗ്ലിസറിൻ. എണ്ണമയമുള്ള ചർമ്മത്തിനും വരണ്ട ചർമ്മത്തിനും ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിൻ പതിവായി ചർമ്മത്തിൽ പുരട്ടിയാൽ നിരവധി ഗുണങ്ങൾ ലഭിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. വരണ്ട ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യാൻ ഗ്ലിസറിൻ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് വളരെ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും സ്‌കിൻ ക്ലിയർ ചെയ്യാനും ഗ്ലിസറിൻ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്.

ആന്റി ഏജിംങ് ഗുണങ്ങൾ അടങ്ങിയ ഗ്ലിസറിൻ മുഖത്ത് പുരട്ടുന്നത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാനും ചർമ്മം യുവത്വത്തോടെയിരിക്കാനും സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങിയ ഗുണങ്ങളും ഗ്ലിസറിനുണ്ട്. ചുണ്ടുകളിലെ ഇരുണ്ട നിറം മാറ്റാനും ഗ്ലിസറിൻ ഉപയോഗിക്കാം. ചുണ്ടുകൾക്ക് നല്ല നിറം കിട്ടാൻ രാത്രി ഉറങ്ങാൻ പോകുംമുൻപു പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം.

ഗ്ലിസറിൻ പുരട്ടുന്നതിന് മുമ്പ് അത് വെള്ളത്തിലോ റോസ് വാട്ടറിലോ ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചെറിയ അളവിൽ മാത്രമേ ഗ്ലിസറിൻ ഉപയോഗിക്കാവൂ.

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് എപ്പോഴും അച്ഛനമ്മമാർ പ്രാധാന്യം നൽകുന്നത്. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നൽകേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. പാലും മഞ്ഞളും

    ടെർമറിക് മിൽക്ക് എന്നറിയപ്പെടുന്ന പാലും മഞ്ഞളും ചേർത്ത് തയ്യാറാക്കുന്ന പാനീയം കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഈ പാനീയം കുടിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
  2. ബദാമും കുങ്കുമവും

    പാലിൽ ബദാമും കുങ്കുമവും ചേർത്ത് നൽകുന്നത് ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. രോഗപ്രതിരോധശേഷി ഉയർത്തുന്നതിനും മികച്ച പാനീയമാണിത്.
  3. മാതളം

    കുട്ടികൾക്ക് കഴിക്കാൻ വളരെ മികച്ച ഒരു ഫലവർഗ്ഗമാണ് മാതളം. ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്. വിളർച്ച തടയാനും മാതളം സഹായിക്കും. രോഗപ്രതിരോധശേഷി ഉയർത്താനും മികച്ച ഭക്ഷണമാണിത്.
  4. സ്ട്രോബറി

    കുട്ടികൾക്ക് നൽകാൻ കഴിയുന്ന മറ്റൊരു ഫലവർഗ്ഗമാണ് സ്ട്രോബറി. ധാരാളം ബയോ ആക്ടീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സലാഡയും ജ്യൂസ് ആയും സ്മൂത്തിയായും സ്ട്രോബറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. സ്ട്രോബറിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി അണുബാധകൾക്കെതിരെ പ്രവർത്തിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ ഫലവർഗം സഹായിക്കും.
  5. നാരങ്ങ വെള്ളം

    രോഗപ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ വെള്ളം. ഇളം ചെറു ചൂടുവെള്ളത്തിൽ അല്പം ചെറുനാരങ്ങ പിഴിഞ്ഞ് ദിവസവും കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്.
  6. മസാല ചായ

    കുഞ്ഞുങ്ങൾക്ക് മസാല ചായ കൊടുക്കുന്നതും ഗുണം ചെയ്യും. കുരുമുളക്, ഇഞ്ചി, ഏലക്ക, കറുവപ്പട്ട ഗ്രാമ്പു തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കുന്ന മസാല ചായയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്.

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 54 ഡയാലിസിസ് മെഷീനുകൾക്കൊപ്പം 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്‌സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്ഡെസ്‌കുകൾ, 12 സ്‌ക്രബ്ബ് ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോർറൂം തുടങ്ങി എല്ലാം എല്ലാം ഈ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. കിടക്കയും ബെഡ്സൈഡ് ലോക്കറും കാർഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. മൂന്ന് റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്യാർഡിന്റെയും സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റുകൾ സജ്ജമാക്കിയത്. ലിഫ്റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഒരുക്കിയത്. ഒപ്പം കെട്ടിടനിർമ്മാണത്തിൽ ആശുപത്രിയുടെ തനത് വികസനഫണ്ടിൽ നിന്നും ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന ഘട്ടത്തിലെ എം എൽ എ ഫണ്ടിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി ജില്ലാ ജനറൽ ആശുപത്രി വിഭാഗത്തിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും, കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ഹീമോഡയാലിസിസും , പെരിട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയിൽ യാഥാർഥ്യമായിരിക്കുന്നു. തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാവുന്നതാണ്.