Health (Page 32)

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയിൽ സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാൻസർ ദിനമായി ആചരിക്കപ്പെടുന്നത്. ‘Close the Care Gap’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ ദിന സന്ദേശം. കാൻസർ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവർക്കും കാൻസർ ചികിത്സയിൽ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നവകേരള കർമ്മ പദ്ധതി ആർദ്രം മിഷനിൽ പ്രധാന പദ്ധതികളിലൊന്നാണ് കാൻസർ പരിചരണം. കാൻസർ രോഗികളുടെ വർധനവ് മുന്നിൽ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്‌സ് കാൻസർ സെന്ററുകൾക്ക് പുറമേ 5 മെഡിക്കൽ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാൻസർ ചികിത്സ ഉറപ്പാക്കാൻ സ്റ്റാന്റേർഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈൻ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാൻസർ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സർക്കാർ ആശുപത്രികളിൽ വ്യാപിപ്പിക്കുന്നതാണ്.

കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗ നിർണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാർഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാൻസർ സംശയിച്ചവർക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാൻസർ സ്‌ക്രീനിംഗിന് റഫർ ചെയ്തു. ഇതിൽ 41,000 പേരെ വദനാർബുദം, 79,000 പേരെ സ്തനാർബുദം, 96,000 പേരെ ഗർഭാശയഗളാർബുദം എന്നിവ പരിശോധിക്കാനായി റഫർ ചെയ്തു.

കേരളത്തിലെ എംസിസിയിലേയും ആർസിസിയിലേയും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി കണക്കുകൾ പ്രകാരം പുരുഷൻമാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കൻ ജില്ലകളിൽ പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ തൈറോയ്ഡ് കാൻസറും വടക്കൻ ജില്ലകളേക്കാൾ കൂടുതലായി കണ്ടുവരുന്നു. വടക്കൻ ജില്ലകളിൽ ആമാശയ കാൻസർ തെക്കൻ ജില്ലകളേക്കാൾ കൂടുതലായും കണ്ടുവരുന്നുണ്ട്.

കാൻസർ അവബോധത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും രോഗ നിർണയ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. താലൂക്ക്തല ആശുപത്രികളിൽ ബയോപ്‌സി ഉൾപ്പെടെയുള്ള സൗകര്യമൊരുക്കും. രോഗികളെ ചികിത്സയ്ക്കായി വളരെ ദൂരം യാത്ര ചെയ്യിക്കാതിരിക്കാൻ റഫറൽ പാത്ത് വേ രൂപീകരിക്കും. ഇതിലൂടെ തൊട്ടടുത്തില്ലാത്ത സങ്കീർണ ചികിത്സകൾക്ക് മാത്രം അപെക്‌സ് കാൻസർ സെന്ററിലേക്ക് പോയാൽ മതിയാകും. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാൻസർ കെയർ സ്യൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇവ ഏകോപിപ്പിക്കാൻ കേരള കാൻസർ ഗ്രിഡും രൂപീകരിച്ചിട്ടുണ്ട്.

കാൻസറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. അതിനാൽ തന്നെ സങ്കീർണതകളും കൂടുന്നു. നേരത്തെ കാൻസർ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാൽ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളിൽ കൂടി പരിശീലനം നൽകി ഉപകരണങ്ങളുടെ മെയിന്റൻസ് സാധ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതിയിലുൾപ്പെട്ട മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ടീമിനെ മന്ത്രി യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ആശുപത്രികളും സമയബന്ധിതമായി സർജറിയും മെയിന്റനൻസും പ്രോസസ് അപ്ഗ്രഡേഷനും പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 219 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 117 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 79 കുട്ടികളിൽ 33 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. 33 പേരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ അതത് ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 3 പേരുടെ പ്രോസസർ അപ്ഗ്രഡേഷൻ നടത്തി. 76 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കുന്നതാണ്.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയും എംപാനൽ ചെയ്ത 6 ആശുപത്രികളിലൂടെയും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എസ്.എച്ച്.എ. ഡയറക്ടർ, ജോ. ഡയറക്ടർ, ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തെ അഭിനന്ദിച്ചത്.

സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിൻ ആന്റ് പാലിയേറ്റീവ് കെയറിൽ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയർ സംവിധാനം വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നതുൾപ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളർന്നു.

പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്‌സുമാർ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവർത്തനത്തിനും ശക്തമായ ഊന്നൽ നൽകുന്നതാണ് കേരള മോഡൽ. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വലിയ പ്രവർത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആർദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കന്ററി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർ.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്. കേരളത്തിൽ ആവശ്യമുള്ള എല്ലാ രോഗികൾക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയർ വാരാചരണത്തോടനുബന്ധിച്ച് ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന കാമ്പയിൻ സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗൾപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തൽ യൂണിറ്റുകൾ ആരംഭിക്കുന്നത്. ദന്തൽ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളേജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളിൽ പ്രായമായ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുന്നതാണ് മന്ദഹാസം. ഇതുവരെ 7,000ലധികം വയോജനങ്ങൾക്ക് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് സമ്പൂർണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാർക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവർക്കും സൗജന്യ ഓറൽ കാൻസർ സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഭിന്നശേഷി കുട്ടികൾക്ക് എല്ലാത്തരം ദന്തപരിരക്ഷയും ദീപ്തം പദ്ധതി വഴി ഉറപ്പാക്കുന്നു.

തിരുവനന്തപുരം: ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഓർമ്മത്തോണി. ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടു മുതൽ ‘വയോമിത്രം’ പദ്ധതിയ്ക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെൻഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകുക. ഫെബ്രുവരി 15നു ശേഷം ആശാപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പരിശീലനഭാഗമായി ഡിമെൻഷ്യ ബാധിതർക്കും കെയർടേക്കർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും ഡിമെൻഷ്യ പരിചരണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികൾ തയ്യാറാക്കി നൽകും. ഡിമെൻഷ്യ സംബന്ധിച്ച അവബോധത്തിനും പരിശീലനത്തിനും സഹായകമായ പ്രചരണ ഉപാധികളും ഇതിനൊപ്പം തയ്യാറാക്കും.

ഡിമെൻഷ്യയെ ആരോഗ്യപ്രശ്നം എന്നതിനൊപ്പം സാമൂഹ്യപ്രശ്നമായി കണ്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഡിമെൻഷ്യ ബാധിതരെയും കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഓർമ്മത്തോണി’ (‘ഡിമെൻഷ്യ സൗഹൃദ കേരളം’) പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഈ വർഷം തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓർമ്മത്തോണി പദ്ധതിയുടെ നിർവ്വഹണം കേരള സാമൂഹ്യസുരക്ഷാ മിഷൻ ഏറ്റെടുക്കുന്നത്. ഈ സാമ്പത്തിക വർഷം ‘ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകൾ കേന്ദ്രീകരിച്ച് സ്‌ക്രീനിങ്, ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകൾ, ആവശ്യമുള്ളവർക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പരിപാടികളാണ് ഈ വർഷം തുടങ്ങുക. 2024 ഏപ്രിലോടെ സംസ്ഥാനമാകെ പദ്ധതി പ്രവർത്തനം ആരംഭിക്കും. ഡിമെൻഷ്യ രോഗികൾക്കായുള്ള ഡേ-കെയർ സെന്റർ തുടങ്ങുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. തിരുവനന്തപുരം ജില്ലയിലെ വയോമിത്രം പ്രോജക്ടുകളിൽ എത്തുന്ന വയോജനങ്ങളുടെ ഡിമെൻഷ്യ സ്‌ക്രീനിംഗും പദ്ധതിയുടെ ഉദ്ഘാടനദിവസം നടക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ഐസൊലേഷൻ വാർഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 39 ഐസൊലേഷൻ വാർഡുകൾ കൂടി പ്രവർത്തനസജ്ജമാക്കിയത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്.

തിരുവനന്തപുരം ജില്ലയിലെ നേമം, കൊല്ലം ജില്ലയിലെ കുന്നത്തൂർ, ചടയമംഗലം, ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, കോട്ടയം ജില്ലയിലെ കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, പിറവം, ആലുവ, തൃശൂർ ജില്ലയിലെ തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഗുരുവായൂർ, മണലൂർ, പുതുക്കാട്, പാലക്കാട് ജില്ലയിലെ നെന്മാറ, ഷൊർണൂർ, ചിറ്റൂർ, മലപ്പുറം ജില്ലയിലെ താനൂർ, തവനൂർ, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി, തിരൂരങ്ങാടി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി, വടകര, കൊയിലാണ്ടി, തിരുവമ്പാടി, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, കല്യാശേരി, കാസർഗോഡ് ജില്ലയിലെ ഉദുമ, മഞ്ചേശ്വരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമായത്.

പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ഐസൊലേഷൻ വാർഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 39 ഐസൊലേഷൻ വാർഡുകൾ കൂടി പ്രവർത്തനസജ്ജമാക്കിയത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്.

തിരുവനന്തപുരം ജില്ലയിലെ നേമം, കൊല്ലം ജില്ലയിലെ കുന്നത്തൂർ, ചടയമംഗലം, ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, കോട്ടയം ജില്ലയിലെ കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, പിറവം, ആലുവ, തൃശൂർ ജില്ലയിലെ തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഗുരുവായൂർ, മണലൂർ, പുതുക്കാട്, പാലക്കാട് ജില്ലയിലെ നെന്മാറ, ഷൊർണൂർ, ചിറ്റൂർ, മലപ്പുറം ജില്ലയിലെ താനൂർ, തവനൂർ, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി, തിരൂരങ്ങാടി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി, വടകര, കൊയിലാണ്ടി, തിരുവമ്പാടി, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, കല്യാശേരി, കാസർഗോഡ് ജില്ലയിലെ ഉദുമ, മഞ്ചേശ്വരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമായത്.

പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

രോഗ ലക്ഷണങ്ങൾ :- തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 6 മുതൽ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.

ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ പകരില്ല. കേരളത്തിൽ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാൽ ശരീരത്തിൽ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.

തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതൽ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ വ്യാപകമായി ബോധവത്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ജില്ലകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സൗജന്യ പരിശോധനയും വിദഗ്ധ ചികിത്സ ഉറപ്പാക്കും. വാർഡ് അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസുകൾ, റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ, പോസ്റ്റർ പ്രദർശനം, ഓഡിയോ സന്ദേശങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാൽ കുഷ്ഠ രോഗം ഭേദമാക്കുവാനും അംഗവൈകല്യം തടയുവാനുമാകും. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠരോഗം. കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാവുന്ന വിധം പ്രത്യക്ഷപ്പെടുമെങ്കിലും രോഗം ശരീരഭാഗങ്ങളിൽ ബാധിക്കാനും സങ്കീർണതകളുണ്ടാക്കാനും വർഷങ്ങളെടുക്കും. ഇതു മൂലം രോഗ ലക്ഷണങ്ങൾ അവഗണിക്കപ്പെടുകയും രോഗം തിരിച്ചറിയാതെ പോകുകയും കൂടുതൽ ആളുകളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. മരുന്ന് കഴിച്ചു തുടങ്ങിയാലുടൻ തന്നെ രോഗപ്പകർച്ച ഒഴിവാക്കുവാനും കഴിയും. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിവാരണം ചെയ്യുവാൻ ലക്ഷ്യമിട്ടിട്ടുള്ള രോഗമാണ് കുഷ്ഠം.

കുഷ്ഠരോഗം :- വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

രോഗ ലക്ഷണങ്ങൾ :- തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 6 മുതൽ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.

ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ പകരില്ല. കേരളത്തിൽ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാൽ ശരീരത്തിൽ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.

തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

നഗര പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങൾക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ മൂന്നു വീതവും മറ്റ് പ്രദേശങ്ങളിൽ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങൾ കൂടി സമയബന്ധിതമായി പ്രവർത്തനസജ്ജമാക്കും. ഈ സർക്കാർ സ്ഥാപിച്ച 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ പ്രാഥമികാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും അതാത് പ്രദേശത്തെ ആരോഗ്യ അനുബന്ധ വിഷയങ്ങളിൽ ഇടപെടുകയും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഒരു ടീം ആയി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിൽ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. പകർച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും.