Health (Page 26)

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡൽഹി എയിംസിലെ സെന്റർ ഫോർ ദന്തൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം ദേശീയ അവലോകന യോഗത്തിൽ കേരളത്തിന് അഭിനന്ദനം. ദന്താരോഗ്യ രംഗത്ത് കേരളത്തിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നടപ്പിലാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയവ രാജ്യത്താകെ മാതൃകയായി. തമിഴ്‌നാട്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പദ്ധതികൾ അവിടെ നടപ്പാക്കാൻ ഏറ്റെടുത്തു.

സംസ്ഥാനം ദന്താരോഗ്യ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കോട്ടയം ദന്തൽ കോളേജിൽ അടുത്തിടെ അഡ്മിനിസ്‌ട്രേറ്റീവ് & റിസർച്ച് ബ്ലോക്ക് യാഥാർത്ഥ്യമാക്കി. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാക്കും. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളേജ് ഇടംപിടിച്ചു. ദന്തൽ കോളേജുകളിലെ ലാബുകൾ കൂടാതെ സംസ്ഥാനത്ത് സെറ്റ് പല്ലുകൾ നിർമ്മിക്കാൻ കഴിയുന്ന 57 അക്രിലിക് ലാബുകളും സ്ഥിരമായി വയ്ക്കുന്ന പല്ലുകൾ നിർമ്മിക്കുന്ന ഒരു ഡെന്റൽ സിറാമിക് ലാബും സ്ഥാപിച്ചിട്ടുണ്ട്. ഇത്രത്തോളം ലാബുകൾ ദേശീയ തലത്തിൽ മറ്റൊരു സംസ്ഥാനത്തുമില്ല. ഇത് കൂടാതെയാണ് ദന്താരോഗ്യ രംഗത്ത് വിവിധങ്ങളായ പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളിൽ പ്രായമായ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 7,012 വയോജനങ്ങൾക്ക് സെറ്റ് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് സമ്പൂർണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. 2023ൽ ഈ പദ്ധതിയിലൂടെ 1.32 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് സമഗ്ര ദന്ത പരിരക്ഷ നൽകി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാർക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവർക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഓറൽ കാൻസർ (വദനാർബുദം) സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഈ പദ്ധതിയിലൂടെ 545 പേർക്ക് വദനാർബുദവും 4682 പേർക്ക് വദനാർബുദത്തിന് മുന്നോടിയായി വരുന്ന ഓറൽ പ്രീ ക്യാൻസർ രോഗങ്ങളും കണ്ടെത്തി ചികിത്സയും തുടർ പരിചരണവും നൽകിവരുന്നു. ഭിന്നശേഷി കുട്ടികൾക്ക് എല്ലാത്തരം ദന്ത പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് ദീപ്തം. 2023ൽ ഈ പദ്ധതി വഴി 617 ഭിന്നശേഷി കുട്ടികൾക്ക് പരിപൂർണ ദന്ത ചികിത്സ ലഭ്യമാക്കി. ഈ പദ്ധതികളാണ് മറ്റ് സംസ്ഥാനങ്ങൾ ഏറ്റെടുത്തത്.

സംസ്ഥാനത്ത് ചൂട് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക..

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്..

പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് യാത്രയ്ക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകേണ്ടതാണ്.

പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സേനാംഗങ്ങൾ ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും ഇത്തരം പരിപാടികൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

മഴ വെള്ളം ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. കുപ്പിവെള്ളം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

· കുപ്പിവെള്ളത്തിൽ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

· പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.

· കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.

· വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

· കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.

· കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.

· ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

കുപ്പിവെള്ളം വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· കുപ്പിവെള്ളത്തിൽ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

· പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.

· കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.

· വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

· കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.

· കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.

· ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എ.എം.ആർ. (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. കൂടുതൽ ആശുപത്രികളെ കാർസ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാർട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ചെയർമാനായുള്ള എ.എം.ആർ. വർക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആർ. എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവർത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആർ. ലബോട്ടറികളുടെ പ്രവർത്തന മാർഗരേഖയും പുറത്തിറക്കി. നിർണയ ലാബ് നെറ്റുവർക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാൻ സാധിക്കുന്നു.

പ്രാഥമിക തലത്തിലുള്ള ആശുപത്രികൾക്കുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിനുള്ള മാർഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആർ. അവബോധ പോസ്റ്ററുകൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളിലും എ.എം.ആർ പ്രതിരോധത്തിലും പരിശീലനം നൽകണം. പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം. ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയും ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം. ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തേണ്ടതാണ്. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക.

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിർവഹിച്ചു.

മികച്ച ട്രോമാകെയർ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

108 ആംബുലൻസിൽ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കിൽ അയതിന്റെ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുൾപ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും.

കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ കഴിയും. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളുടേയും ഉദ്ഘാടനം മാർച്ച് 12 ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തൃശൂർ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവർത്തനങ്ങൾക്കാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 279.19 കോടി ചെലവഴിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, 285.54 കോടിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 36.73 കോടിയുടെ ഗവ. ദന്തൽ കോളേജ് കെട്ടിടം രണ്ടാംഘട്ട നിർമ്മാണം, 5 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ഇതോടൊപ്പം പൂർത്തീകരിച്ച 11.4 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. സമയബന്ധിതമായി ഈ പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂരിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക് കിഫ്ബി പദ്ധതിയിലൂടെയാണ് സാധ്യമാക്കുന്നത്. 5 ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമള്ള ഈ ആശുപത്രി സമുച്ചയം ഏഴു നിലകളായാണ് പടുത്തുയർത്തുന്നത്. ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ സേവനങ്ങളാണ് ഈ ആശുപത്രിയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് മാത്രമായി എട്ട് നിലകളുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് സാധ്യമാകുന്നത്. 300 സൂപ്പർ സ്‌പെഷ്യലിറ്റി ബെഡുകൾ, 38 ഡയാലിസിസ് ബെഡുകൾ 26 ഐ.സി.യു. ബെഡുകൾ, 28 ഐസോലേഷൻ ബെഡുകൾ, 25 ഐസോലേഷൻ റൂമുകൾ ഒപി റൂമുകൾ, 16 ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയാണ് അനുബന്ധ സൗകര്യങ്ങളോടെ ഒരുക്കുന്നത്.

ദന്തൽ കോളേജിന്റെ സർവോന്മുഖമായ വികസനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ദന്തൽ കോളേജ് കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം നടത്തുന്നത്. പകർച്ചവ്യാധികളെ നേരിടുന്നതിനായാണ് ഐസൊലേഷൻ ബ്ലോക്ക് സജ്ജമാക്കുന്നത്. പാരാമെഡിക്കൽ എഡ്യൂക്കേഷൻ ബിൽഡിംഗ് വികസനം (2 കോടി), പിജി ക്വാർട്ടേഴ്സ് രണ്ടാം ഘട്ടം (3 കോടി), 500 KVA DG Set ന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കൽ (68 ലക്ഷം), HD ക്യാമറ ഹെഡ് കൺട്രോൾ യൂണിറ്റ് വിത്ത് മെഡിക്കൽ മോണിറ്റർ, കോൾഡ് ലൈറ്റ് സോഴ്‌സ്, ടെലസ്‌കോപ് ആന്റ് ഇൻസ്ട്രുമെന്റസ് (32 ലക്ഷം), എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (1.10 കോടി രൂപ), ക്രയോസ്റ്റാറ്റ് (27.14 ലക്ഷം), സി ആം മൊബൈൽ ഇമേജ് ഇന്റെൻസിഫയർ സിസ്റ്റം (27 ലക്ഷം), വെന്റിലേറ്റർ ഐ.സി.യു ഫോർ ട്രോമാ ക്രിറ്റിക്കൽ കെയർ (53.1 ലക്ഷം) ഓഫീസ് നവീകരണം (20.42 ലക്ഷം), ക്രയോഫ്യൂജ് (40 ലക്ഷം) അൾട്രാസോണിക് കട്ടിംഗ് ആൻഡ് കോയാഗുലേഷൻ വിത്ത് റേഡിയോ ഫ്രീക്വിൻസി വെസ്സൽ സീലിംഗ് സിസ്റ്റം (25.31 ലക്ഷം), ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം മോഡൽ എ (1.70 കോടി), സി.സി.ടി.വി. (27 ലക്ഷം, ഐസിയു ആംബുലൻസ് (25 ലക്ഷം), ക്രിക്കറ്റ് ഗ്രൗണ്ട് നവീകരണം (15 ലക്ഷം) എന്നിവയാണ് പ്രവർത്തനസജ്ജമായത്.

സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് നമ്മളെല്ലാവരും. വേനൽച്ചൂടിനെ അതിജീവിക്കാൻ ശരീരത്തെ തണുപ്പിക്കാനായി കുടിക്കാവുന്ന ഏറ്റവും മികച്ച പാനീയമാണ് സംഭാരം. ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്.

സംഭാരം കുടിച്ചാൽ ശരീരം പെട്ടെന്നു തണുക്കും. ദഹനം നടക്കാനും അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാനും ഇത് സഹായിക്കും. കാത്സ്യത്തിന്റെ ഉറവിടം കൂടിയാണിത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് കുടിക്കുന്നത് വളരെ നല്ലതാണ്. എല്ലുകളുടെ ബലം കൂട്ടാനും സംഭാരം സഹായിക്കും. കൊഴുപ്പിന്റെ അംശം കുറവാണെന്നതാണ് സംഭാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും, അണുബാധകൾ തടയാനും, കരൾ ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരത്തേക്കാൾ മികച്ച പാനീയം മറ്റൊന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കും. പ്രോട്ടീൻ, വൈറ്റമിൻ ബി, പൊട്ടാസ്യം തുടങ്ങിയവയും സംഭാരത്തിലുണ്ട്. ഇത് കുടിച്ചാൽ ക്ഷീണം അകലുകയും ചെയ്യും.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പേരയ്ക്ക. പോഷക സമൃദ്ധമായ ഒന്നാണിത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കലോറി ഏറ്റവും കുറഞ്ഞ ഫലവർഗമാണ് പേരയ്ക്ക. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പേരയ്ക്കിലുണ്ട്.

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണമേകാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും പേരയ്ക്ക് ഉത്തമമാണ്.

പേരയ്ക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്.പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് പതിവായി പേരയ്ക്ക കഴിക്കാം. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക ഉത്തമമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്‌പെൻസറികൾ കൂടി പ്രവർത്തനം തുടങ്ങി. ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഹോമിയോ ഡിസ്‌പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലും ഡിസ്‌പെൻസറികൾ സർക്കാർ അനുവദിച്ചിരുന്നു. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. 40 ഡിസ്‌പെൻസറികളിൽ 33 എണ്ണമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ബാക്കിയുള്ളവ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ പുതിയ ഡിസ്‌പെൻസറികളിൽ ഫാർമസിസ്റ്റുകളെ നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്.

ആയുഷ് മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ കൂടി സൃഷ്ടിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകി 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമായി. ഇത്രയും സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ആയുഷ് മേഖലയിൽ ഇ-ഹോസ്പിറ്റൽ സംവിധാനം നടപ്പിലാക്കി. 510 ആയുഷ് ഡിസ്‌പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. ഇവിടങ്ങളിൽ യോഗ ഇൻസ്‌ട്രെക്ടർമാരുടെ സേവനവും കൂടി ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു.

അട്ടപ്പാടി, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രികൾ സജ്ജമാക്കി വരുന്നു. കണ്ണൂരിലെ രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനം അടുത്ത സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. ഈ പദ്ധതിയുടെ ആദ്യഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. കേരളത്തിന് പുറത്തു നിന്നും പരമാവധി ആളുകളെ ചികിത്സയ്ക്കും വെൽനസിനുമായി എത്തിക്കാനുള്ള സൗകര്യമൊരുക്കും.

പാലക്കാട് ജില്ലയിലെ അകത്തേത്തറ, കൊടുമ്പ, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി, കുമരംപുത്തൂർ, വെള്ളിനേഴി, വിളയൂർ, അയിരൂർ, ഷൊർണൂർ, കപ്പൂർ, പൂക്കോട്ടുകാവ്, നെല്ലായ, തൃശൂർ ജില്ലയിലെ ചേർപ്പ്, വല്ലച്ചിറ, വാടാനപ്പള്ളി, എറണാകുളം ജില്ലയിലെ ഏലൂർ, കളമശേരി, കാട്ടൂർ, മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, പെരുവള്ളൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, വേങ്ങര, കണ്ണമംഗലം, വെട്ടത്തൂർ, മേലാറ്റൂർ, മങ്കട, കീഴാറ്റാർ, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, തുറയൂർ, ചോറോട്, കായണ്ണ എന്നീ ഹോമിയോ ഡിസ്‌പെൻസറികളാണ് ഉദ്ഘാടനം നടത്തിയത്.