Health (Page 27)

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാർച്ച് അഞ്ചിന് എത്തിയ സംഘം എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ആരോഗ്യ മന്ത്രി വീണാ ജോർജുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ആയുഷ് രംഗത്ത് വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോമിയോ ഡിസ്‌പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും അഞ്ച് മുൻസിപ്പാലിറ്റികളിലും കൂടി ഡിസ്‌പെൻസറികൾ അനുവദിച്ച് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറിയുള്ള സംസ്ഥാനമാക്കി മാറ്റി. മികച്ച സേവനങ്ങൾ ലഭ്യമാക്കിയതിന്റെ ഫലമായി ആയുഷ് വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. ആയുഷ് മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഒപി സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. കേരളത്തിന് പുറത്ത് നിന്നുള്ള വിദേശികളടക്കമുള്ള ആളുകളെ ചികിത്സിക്കാനുള്ള ഹെൽത്ത് ഹബ്ബാക്കി ആയുഷ് മേഖലയെ മാറ്റാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആയുർവേദ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ, സ്‌പെഷ്യലിറ്റി ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവ സന്ദർശിക്കുകയും സംസ്ഥാനത്തെ ആയുഷ് പദ്ധതികളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. കേരളത്തിലെ ആയുഷ് രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഉത്തരാഖണ്ഡിൽ നടപ്പിലാക്കുമെന്ന് അവർ അറിയിച്ചു.

ഉത്തരാഖണ്ഡ് സംസ്ഥാന ആയുർവേദ ജോയിന്റ് ഡയറക്ടർ ഡോ. ആർ.പി. സിംഗ്, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പമീത ഉനിയാൽ, സ്റ്റേറ്റ് മിഷൻ ഓഫീസർ ഡോ. ഹരിമോഹൻ ത്രിപാഠി, ജില്ലാ ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ. മീര ഹൈനാക്കി എന്നിവരടങ്ങുന്ന ഉന്നത സംഘമാണ് സംസ്ഥാനത്ത് സന്ദർശനം നടത്തിയത്.

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വിദഗ്ധർ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതൽ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

തിരുവനന്തപുരം: ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ് പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്‌റ്റ്വെയർ മാർച്ച് അഞ്ചിന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.

ആയുഷ് അവാർഡ് സോഫ്റ്റ് വെയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം രോഗികൾക്കും സഹപ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾക്കും ലഭിക്കും. അധ്യാപകരായ ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്കും ലഭിക്കും.

റേറ്റിങ്ങിലൂടെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളിൽ നിന്ന് സർക്കാർ തല അഭിമുഖത്തിലൂടെയാണ് അന്തിമവിജയിയെ കണ്ടെത്തുന്നത്. നാമനിർദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമർപ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകുന്നു. പുരസ്‌കാരം നിർണയത്തിൽ പൊതുജനങ്ങളുടെ പങ്ക് ഉറപ്പുവരുത്തി ഒരു ജനാധിപത്യ സ്വഭാവം കൈക്കൊള്ളാനും ഈ സോഫ്റ്റ് വെയർ സഹായിക്കും. ദേശീയ ആയുഷ് മിഷൻ കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും നേതൃത്വത്തിലാണ് ആയുഷ് അവാർഡ് സോഫ്റ്റ് വെയർ നിർമ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്‌ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്‌ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനൽക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളിൽ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്‌ളുവൻസയും കാണുന്നുണ്ട്. രോഗം ബാധിച്ചാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. ചൂടുകൂടിയ സാഹചര്യമായതിനാൽ ഭക്ഷണം വേഗം കേടാകാൻ സാധ്യതയുണ്ട്. ഇതും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങൾ, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും ശ്രദ്ധിക്കണം. വാട്ടർ തീം പാർക്കുകളിൽ പകർച്ചവ്യാധികളുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ചൂട് കാലമായതിനാൽ നിർജലീകരണം പെട്ടന്നുണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.

വേനൽക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടൽ നടത്തി വരുന്നു. കൃത്യമായ നിരീക്ഷണം നടത്താൻ നിർദേശം നൽകി. മലപ്പുറം പോത്തുകല്ലിലെ ഹെപ്പറ്റൈറ്റിസ് എ കേസുകൾ പ്രത്യേകം ചർച്ച ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവെലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. വിദ്യാർഥികൾക്കായുള്ള പൊതുനിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതു നിർദേശങ്ങൾ ഇവയെല്ലാം:

  • .രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
  • വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം.
  • ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിൽകൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയിൽ വെള്ളം കൂടെ കരുതാവുന്നതാണ്.
  • കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
  • പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക
  • വിദ്യാർഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ല എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.

    സ്‌കൂളുകൾക്കുള്ള പൊതുനിർദേശങ്ങൾ:
  • അസംബ്ലികൾ പൂർണമായും ഒഴിവാക്കുക.
  • വാട്ടർ ബെൽ സമ്പ്രദായം നടപ്പാക്കുക
  • എൻ സി സി . സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ ഒഴിവാക്കുക.
  • ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക
  • ക്ലാസ് മുറികളിൽ കർട്ടനുകൾ ഉപയോഗിക്കുക
  • ശുചിമുറി വൃത്തിയായി സൂക്ഷിക്കണം
  • സ്‌കൂൾ ബസ്സുകൾ തണലുള്ള പ്രദേശത്ത് പാർക്ക് ചെയ്യണം.
  • ടൈയുടെ ഉപയോഗം ഒഴിവാക്കുക
  • ഒ ആർ എസ് പാക്കറ്റുകൾ, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ സ്‌കൂളിൽ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണം
  • സ്‌കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
  • വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ പരീക്ഷാ ഹാളുകളായി ഉപയോഗിക്കണം, ശുദ്ധജലലഭ്യത ഉറപ്പാക്കണം.

വേനൽക്കാലമായതോടെ ചിക്കൻപോക്‌സ് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഈ രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണം.

പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കൻപോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്സിൽ സാധാരണയാണ്.

മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

ചിക്കൻപോക്സിന്റെ സങ്കീർണതകൾ:

ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മയ്ക്ക് ചിക്കൻപോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങൾ സങ്കീർണമാക്കാറുണ്ട്. ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതയ്ക്കിടയാക്കുംകുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്ടിക്കും. പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്:

രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ വിവരമറിയിക്കുകയും ചികിത്സ എടുക്കുകയും വേണം. രോഗികൾ മറ്റുള്ളവരിൽ നിന്നുമുള്ള സമ്പർക്കം ഒഴിവാക്കി വൃത്തിയും വായുസഞ്ചാരവുമുള്ള മുറിയിൽ കഴിയേണ്ടതാണ്.കുട്ടികൾ, മുതിർന്നവർ,അനുബന്ധ രോഗങ്ങൾ ഉള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക.

മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടതാണ്.ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറയ്ക്കുന്നു. സ്വയം ചികിത്സ ഒഴിവാക്കുക.

സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചിക്കൻപോക്‌സിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്.

തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയർ, 1564 സൂപ്പർവൈസർമാർ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമാവുക. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും. രക്ഷാകർത്താക്കൾ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക.

തിരുവനന്തപുരം: ഉന്നത നിലവാര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ 150 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാർച്ച് 5ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. അഡ്വ. വി. കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും.

ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തും. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു സ്വാഗതം പറയും. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളെ നേട്ടത്തിലേക്ക് നയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവരെ അനുമോദിക്കും. ആയുഷിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ലേർണിങ് മാനേജ്മെന്റ് സിസ്റ്റം, ആയുഷ് അവാർഡ്, പ്രോക്യൂർമെന്റ് സോഫ്റ്റ്വെയറുകളുടെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം എൻ വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഹോമിയോപ്പതി വിദ്യാഭ്യാസ പി സി ഒ ഡോ. ഷീല എ എസ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഐ എസ് എം ഡോ. സജി പി ആർ, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുക്കും.

തിരുവനന്തപുരം: കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം കേൾവി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ട്. കേരളത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും ആശുപത്രി വിടും മുൻപ് തന്നെ കേൾവിക്കുറവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്ക് (newborn hearing screening, ശലഭം) വിധേയരാക്കി വരുന്നു. കേൾവിക്കുറവുള്ളവർക്ക് ശ്രവണ സഹായി മുതൽ അതിനൂതന ചികിത്സാ സംവിധാനമായ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സൗജന്യമായി നൽകുന്നതായി മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും മാർച്ച് 3ന് ലോക കേൾവി ദിനം ആചരിക്കുന്നു. ‘മാറ്റാം ചിന്താഗതികൾ, യാഥാർത്ഥ്യമാക്കാം കർണ്ണ-ശ്രവണ പരിചരണം എല്ലാവരിലും’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി വൈകല്യത്തിന്റെ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്.

കർണ സംബന്ധമായ രോഗാവസ്ഥകളെ വളരെ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കേൾവിക്കുറവിന്റെ പുനരധിവാസ പ്രവർത്തനത്തിലെ മുഖ്യഘടകമായ ശ്രവണ സഹായി സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകുന്നു.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കി വരുന്നു. ശ്രുതി തരംഗം പദ്ധതി വഴി ഇതുവരെ 1200 ൽ അധികം കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതിയിൽ പുതുതായി ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 554 അപേക്ഷകൾക്ക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയതിൽ 265 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. 202 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ആശുപത്രികളിൽ പുരോഗമിക്കുന്നു. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 102 കുട്ടികളിൽ 38 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. 32 പേരുടെ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ അതത് ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 15 പേരുടെ പ്രോസസർ അപ്ഗ്രഡേഷൻ നടത്തി. 96 പേരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

മലപ്പുറം: വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മലപ്പുറം ജില്ലയിൽ മരണപ്പെട്ടു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരണപ്പെട്ടത്. ജില്ലയിൽ ഒരു മാസത്തിനിടെ മൂന്ന് പേരാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണപ്പെട്ടത്. വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ്.

വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തും. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധ മാർഗങ്ങൾ:

  • ചൂട് കൂടിയതിനാൽ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ചുരുങ്ങിയത് മൂന്ന് മിനിറ്റ് വെള്ളം തിളപ്പിക്കണം
  • തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്.
  • മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക. കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
  • ലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക