Health (Page 25)

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗത്തിന് അഭിമാന നേട്ടം. സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തർദേശീയ അംഗീകാരം ലഭിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേൾഡ് ബ്ലഡ് ഡിസോർഡർ രജിസ്ട്രിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനം നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഹീമോഫീലിയ രോഗികളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷിക്കുകയും അതനുസരിച്ച് ചികിത്സയും പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് വരികയും ചെയ്യുന്നു. ഹീമോഫീലിയ രോഗികളുടെ രോഗാവസ്ഥ വ്യത്യസ്തമാണ്. അതിനാൽ തന്നെ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ചികിത്സാ പദ്ധതിയ്ക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉൾക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി തയ്യാറാക്കി. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി ആശാധാര വെബ് പോർട്ടലും മൊബൈൽ ആപ്പും സജ്ജമാക്കി. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചതായും മന്ത്രി അറിയിച്ചു.

രണ്ടായിരം പേർ നിലവിൽ ആശാധാര പദ്ധതി വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും ആശാധാര പോർട്ടൽ സഹായിക്കുന്നു. കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇപ്പോൾ ഉഷ്ണകാലമാണ്. പലരും എയർ കണ്ടീഷണർ വാങ്ങാൻ തയ്യാറാവുന്ന കാലം. എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം. സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർ കണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. എയർ കണ്ടീഷണറുകളിൽ വൈദ്യുതി ലാഭിക്കാൻ ചില കാര്യങ്ങൾ കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.
  2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കുക.
  3. വാങ്ങുന്ന സമയത്ത് ബി.ഇ.ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയത്.
  4. എയർ കണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലേന്ന് ഉറപ്പുവരുത്തുക.
  5. ഫിലമെന്റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.
  6. എയർ കണ്ടീഷണറിന്റെ ടെംപറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
  7. എയർകണ്ടീഷണറിന്റെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
  8. എയർ കണ്ടീഷണറിന്റെ കണ്ടെൻസർ യൂണിറ്റ് കഴിയുന്നതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം കൂടും.
  9. എയർ കണ്ടീഷണറിന്റെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
  10. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥയിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലായവ ഉപയോഗിക്കുക.

പഞ്ചസാര അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ ഇത് അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രമേഹം, അമിത വണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാനിടയുണ്ട്. ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും നൽകുന്നില്ല. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. വളരെപ്പെട്ടെന്ന് അണുബാധയും രോഗങ്ങളും ബാധിക്കാനും സാധ്യതയും കൂടുതലാണ്. പല്ലിന്റെ ആരോഗ്യത്തെയും പഞ്ചസാരയുടെ ഉപയോഗം ബാധിച്ചേക്കാം.

വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുകയും ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദന്തക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.

തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

🔥 ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.
🔥 തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്.
🔥വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..
🔥മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
🔥 പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
🔥 ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. രാത്രിയിൽ തീയിടാതിരിക്കുക.
🔥 അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്ന്
തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക.
🔥 സ്ഥാപനങ്ങൾക്കുചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന അഗ്നിശമന ഉപകരണങ്ങൾ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുകയും ചെയ്യുക.
🔥 പാചകം കഴിഞ്ഞാലുടൻ സ്റ്റൗവിൻ്റെ ബർണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫാക്കുക.
🔥 അഗ്നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
🔥 വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. വൈദ്യുതോപകരണങ്ങളിൽ തീ പിടിക്കുമ്പോൾ വെള്ളം ഉപയോഗിച്ച് കെടുത്താൻ ശ്രമിക്കരുത്.
🔥 കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദസഞ്ചാരികൾക്കും ഉത്തരവാദിത്തമുണ്ട്.
🔥 അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം കരുതിയിരിക്കുക.
🔥 തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ 112 ൽ പോലീസിനെ അറിയിക്കാം. ഫയർഫോഴ്‌സ് നമ്പർ – 101

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ്മയുടെ നിർമ്മാണവും വിൽപ്പനയും നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഷവർമ്മ നിർമ്മിക്കുന്നവർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതൽ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിൾ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയിൽ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവർമ്മ സ്റ്റാന്റിൽ കോണിൽ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം.

ഷവർമ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകൾ (-18°C), ചില്ലറുകൾ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കേണ്ടതുമാണ്. പെഡൽ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിച്ചിരിക്കണം. ഷവർമ്മ നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. 4 മണിക്കൂർ തുടർച്ചയായ ഉത്പാദന ശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാൻ പാടുള്ളതല്ല. ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്നീ നിർദേശങ്ങൾ ഉൾപ്പെടുത്തിയ ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിക്കുന്നതാണ്. ബോർഡുകൾക്കായി സൃഷ്ടിച്ച തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് വരെ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി/ആരോഗ്യ വകുപ്പ്/ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവടങ്ങളിലെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. മെന്റൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്റ്റ് പ്രകാരം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 5 മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഈ റിവ്യൂ ബോർഡുകളിൽ ചെയർപേഴ്‌സൺമാരെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്തും റിവ്യൂ ബോർഡുകളിലേക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചും ഉത്തരവായിട്ടുണ്ട്. വ്യക്തികൾക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നൽകുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ സ്ഥാപിക്കുന്നത്.

മാനസിക രോഗിയായ ഒരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷൽ സംവിധാനമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്. ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കിൽ നിയമപ്രകാരമുളള അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുമായുളള സന്ദർഭങ്ങളിൽ മാനസിക രോഗമുളള ഏതൊരു വ്യക്തിക്കും അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിക്കോ അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത സർക്കാർ ഇതര സംഘടനയുടെ പ്രതിനിധിയ്‌ക്കോ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്‌ന പരിഹാരത്തിനായി ബോർഡിനെ സമീപിക്കാവുന്നതാണ്.

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ വർഷം സഹകരണ മേഖലയിൽ തണ്ണീർ പന്തലുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇത്തവണ പല മേഖലയിലും ചൂട് ഇപ്പോൾ തന്നെ വളരെ കൂടിയിരിക്കുകയാണ് അതിനാൽ ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി സഹകരണവകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്ന് സഹകരണ മന്ത്രി അറിയിച്ചു.

എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും , വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുവനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ ഇതിന്റെ ഭാഗമാവുന്നത്. വേനൽ അവസാനിക്കുന്ന സമയം വരെ തണ്ണീർ പന്തലുകൾ നിലനിർത്തണം.

തണ്ണീർപ്പന്തലുകളിൽ സംഭാരം, തണ്ണിമത്തൻ ജ്യൂസ് തണുത്ത വെള്ളം, അത്യാവശ്യം ഒആർഎസ് എന്നിവ കരുതണം. പൊതുജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളിൽ ഇതു നടപ്പാക്കുവാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ സേവനം മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ ആപ്പിലൂടെയും 108 ആംബുലൻസ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നിർദേശാനുസരണമാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സേവനം തേടുന്ന വ്യക്തി അപ്ലിക്കേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങളുടേയും മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റേയും സഹായത്തോടെ അത്യാഹിതത്തിന്റേയും നടന്ന സ്ഥലത്തിന്റേയും കൃത്യമായ വിവരങ്ങൾ ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും. ഇതിലൂടെ ആംബുലൻസിന് വഴിതെറ്റാതെ കാലതാമസമില്ലാതെ എത്താൻ സാധിക്കും. മാത്രമല്ല സേവനം തേടിയയാൾക്ക് ആംബുലൻസ് വരുന്ന റൂട്ടും എത്താനെടുക്കുന്ന സമയവും തത്സമയം അറിയാൻ സാധിക്കും.

കനിവ് 108 അംബുലൻസിലെത്തുന്ന രോഗികൾക്ക് ആശുപത്രികളിൽ വളരെ വേഗം ചികിത്സ ഉറപ്പാക്കാനുള്ള ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കി. 108 ആംബുലൻസിൽ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോൾ അതിന്റെ വിവരങ്ങൾ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. ഇതിലൂടെ രോഗിയെത്തുന്നതിന് മുമ്പ് തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കാൻ സാധിക്കുന്നു. ഈ സംവിധാനം എല്ലാ പ്രധാന ആശുപത്രികളിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്‌മേക്കർ വിജയകരം. കൊല്ലം എഴുകോൺ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കർ നടത്തിയത്. ചികിത്സയിൽ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കർ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിൽ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്‌മേക്കർ നടത്തിയത്. ഈ സർക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിച്ചത്. ഈ കാത്ത് ലാബിലൂടെ 1500 ആൻജിയോഗ്രാമും 1000 ആൻജിയോ പ്ലാസ്റ്റിയും 10 പേസ്‌മേക്കറും നടത്തിയിട്ടുണ്ട്. കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്.

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങൾ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാർത്ഥ്യമാക്കിയത്. ഏകാരോഗ്യത്തിന് പ്രാധാന്യം നൽകി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ നിയമത്തിലുള്ളത്. നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല സമിതികളും പ്രാദേശിക സമിതികളും കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. അതത് പ്രദേശത്തെ പകർച്ചവ്യാധികൾ കൃത്യമായി വിലയിരുത്തുകയും പ്രതിരോധ നടപടി സ്വീകരിക്കേണ്ടതുമാണ്. മഴക്കാലം മുന്നിൽ കണ്ട് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. മഴക്കാല പൂർവ ശുചീകരണത്തിനും പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദേശം നൽകി.

കേരള പൊതുജനാരോഗ്യ നിയമത്തിന്റെ വിജ്ഞാപനം ഇറങ്ങിയതിന് ശേഷമുള്ള സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ആരോഗ്യവകുപ്പ് മന്ത്രി അധ്യക്ഷയായ സംസ്ഥാന സമിതിയിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉപാദ്ധ്യക്ഷനും ആരോഗ്യ വകുപ്പ് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാണ്. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിലേയ്ക്കായി സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ അടിയന്തരമായി ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിയ്ക്കുന്നതിന് അതത് കാലങ്ങളിൽ സർക്കാർ ആവിഷ്‌കരിക്കുന്ന കർമ്മ പരിപാടികൾ അതത് തലങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് എന്നുള്ളത് സമിതികൾ വിശകലനം ചെയ്യേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർമാർ കുറഞ്ഞത് 3 മാസത്തിലൊരിയ്ക്കലെങ്കിലും സമിതി മുമ്പാകെ വയ്‌ക്കേണ്ടതും അതതു തലങ്ങളിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്യേണ്ടതുമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദേശം നൽകി.