Health (Page 233)

Vaccine

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസും 17 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 93 ലക്ഷത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 4,208 പേർക്കാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരിൽ വെറും 695 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്.

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഓക്സ്ഫേർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് സ്വീകരിച്ചത് 10 കോടി ആളുകളാണ്. ഇതിൽ 17,145 പേർക്ക് മാത്രമാണ് കോവിഡ് ബാധയുണ്ടായത്. 1.5 കോടി ആളുകൾ ഇതിനകം കോവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു.

ഇതിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,014 ആണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമിക്കുന്നത്.രണ്ട് ഡോസുകളായാണ് കോവിഷീൽഡ്, കോവാക്സിൻ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് 10 മുതൽ 15 ദിവസത്തിനുള്ളിലാണ് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഷീൽഡിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

കോവാക്സിൻ 81 ശതമാനം ഇടക്കാല ഫലപ്രാപ്തി കാണിക്കുന്നതായി മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ വ്യക്തമാകുന്നു.അതേസമയം, കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു.സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ കൂട്ടിരിക്കാൻ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ 50 ശതമാനം ആയി വെട്ടികുറച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇന്ന് തീരുമാനിച്ചിരുന്നു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ന്യൂഡല്‍ഹി : രാജ്യത്തിന് സഹായമെത്തിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്നറുകള്‍ രാജ്യത്തെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ടാറ്റാഗ്രൂപ്പും പ്രതിബദ്ധരാണ്. ്അതുകൊണ്ടാണ് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനായി ക്രയോജനിക് കണ്ടെയ്നറുകള്‍ നല്‍കാന്‍ ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചതായി കമ്പനി ട്വിറ്ററില്‍ കുറിച്ചു. 24 ക്രയോജനിക് കണ്ടെയ്നറുകളാണ് കമ്പനി നല്‍കുക. ടാറ്റഗ്രൂപ്പിന് നന്ദിയറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഗി രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് കൊറോണയ്ക്കെതിരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന് 400 രൂപയും സ്വകാര്യ സ്ഥാപനങ്ങളാകള്‍ ഒരു ഡോസിന് 600 രൂപയും നൽകണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കിയ വാക്‌സിനാണ് കോവിഷീല്‍ഡ്.

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കും. പുതിയ വാക്സിന്‍ പോളിസി അനുസരിച്ച് വാക്സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.അമേരിക്കന്‍ നിര്‍മിത വാക്സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

റഷ്യന്‍ നിര്‍മ്മിത വാക്സിനും ചൈനീസ് നിര്‍മിത വാക്സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയില്‍ കോവിഷീല്‍ഡിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാല്‍ രണ്ട് ഡോളര്‍(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നല്‍കുന്നത്.

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. ഈ മാസം അവസാനം സുഗ ഇന്ത്യയും ഫിലിപ്പയന്‍സും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇന്ത്യയില്‍ വ്യാപിക്കുന്നതോടെയാണ് സന്ദര്‍ശനം ഒഴിവാക്കിയത്.
നേരത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറക്കാന്‍ ഇന്ത്യ-ജപ്പാന് സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരാനിരുന്നത്.

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വാഗ്ദാനം നല്‍കിയതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ്. ഓരോദിവസവും വാക്‌സിന്‍ നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് കേരളത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകള്‍ക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍. സാര്‍സ്-കോവ്-2 ന്റെ ഇന്ത്യയില്‍ ഇരട്ട ജനിതകമാറ്റം സംഭവിച്ച വകഭേദത്തെയും കോവാക്‌സിന്‍് നിര്‍വീര്യമാക്കിയെന്ന് പഠനത്തില്‍ തെളിഞ്ഞു. ഈ വൈറസാണ് രാജ്യത്ത് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്താല്‍ മതിയാകും. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. സംസ്ഥാനത്ത് മൂന്ന് ലക്ഷം വാക്‌സിനാണ് സ്റ്റോക്കുളളത്.വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടര ലക്ഷം ഉള്‍പ്പടെ അഞ്ചര ലക്ഷം വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ 22 രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചത്. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന് ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജന് ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചോര്‍ച്ചയുണ്ടായത്. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന് വ്യക്തമാക്കി.

ന്യൂഡല്‍ഹി : റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ ഡോസ് ഒന്നിന് 700 രൂപയാകുമെന്നു സൂചന. 10 ഡോളര്‍ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. ജൂണ്‍ ആദ്യവാരത്തിനു മുന്‍പ് വാക്‌സീന്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കും. കോവിഷീല്‍ഡ് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും നല്‍കും.അതേസമയം, ഇന്ത്യയില്‍ പ്രാദേശിക ട്രയല്‍ നടത്താന്‍ അനുമതി തേടി യുഎസിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ജെആന്‍ഡ്‌ജെ വികസിപ്പിച്ച ഒറ്റഡോസ് വാക്‌സീനായ ജാന്‍സെന് 60- 85 % വരെ ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തല്‍.