ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസും 17 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 93 ലക്ഷത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 4,208 പേർക്കാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരിൽ വെറും 695 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്.
കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഓക്സ്ഫേർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് സ്വീകരിച്ചത് 10 കോടി ആളുകളാണ്. ഇതിൽ 17,145 പേർക്ക് മാത്രമാണ് കോവിഡ് ബാധയുണ്ടായത്. 1.5 കോടി ആളുകൾ ഇതിനകം കോവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
ഇതിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,014 ആണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമിക്കുന്നത്.രണ്ട് ഡോസുകളായാണ് കോവിഷീൽഡ്, കോവാക്സിൻ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് 10 മുതൽ 15 ദിവസത്തിനുള്ളിലാണ് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഷീൽഡിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
കോവാക്സിൻ 81 ശതമാനം ഇടക്കാല ഫലപ്രാപ്തി കാണിക്കുന്നതായി മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ വ്യക്തമാകുന്നു.അതേസമയം, കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.