മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുൻകരുതൽ സ്വീകരിക്കാൻ മടിക്കരുത്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

