Entertainment (Page 76)

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ 36.3 കോടിയുടെ സ്വത്തുക്കളും ബാങ്കിലെ 34.7 ലക്ഷം നിക്ഷേപവും ഇഡി കണ്ടുകെട്ടി.

ലൈക ഗ്രൂപ്പിന്റെ 300 കോടി രൂപ കല്ലാല്‍ ഗ്രൂപ്പും മറ്റ് ചിലരും ചേര്‍ന്ന് കബളിപ്പിച്ചു എന്ന കേസിലാണ് ഇഡിയുടെ നടപടി . അന്വേഷണത്തില്‍ ഈ അഴിമതി തുകയുടെ ഒരു കോടി രൂപ ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്‍ കൈപ്പറ്റിയതിന്റെ തെളിവുകള്‍ ഇഡി കണ്ടെടുത്തു . ചെന്നൈയിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്.

പൊന്നിയിന്‍ സെല്‍വന്‍ 1, 2 എന്നീ ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സ് 2014-ല്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് സ്ഥാപിച്ചത്. ലൈക മൊബൈലിന്റെ ഒരു ഉപഗ്രൂപ്പായ ഈ പ്രൊഡക്ഷന്‍സ് ദക്ഷിണേന്ത്യയിലെ പല ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും നിര്‍മ്മാണത്തിലും വിതരണത്തിലും പങ്കാളികളായി.

മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ജീവിത കഥ സിനിമയാകുന്നു. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മാതാവ് അങ്കുര്‍ ഗാര്‍ഗും സംവിധായകന്‍ ലവ് രഞ്ജന്‍ എന്നിവരാണ് ചിത്രമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു. ദാദയുമായി വിശദമായ ചര്‍ച്ച നടന്നു. ഗാംഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകന്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ട തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓര്‍മക്കുറിപ്പ് എന്നതിലുപരി ഒരു അനുഭവം വെള്ളിത്തിരയിലൂടെ നല്‍കാനാണ് ഗാര്‍ഗും രഞ്ജനും ശ്രമിക്കുന്നത്. കൂടാതെ, ഗാംഗുലിയുടെ ഭാര്യ ഡോണയില്‍ നിന്നും ഗാംഗുലിയുമായി അടുത്ത് ബന്ധമുള്ളവരില്‍ നിന്നും ഇരുവരും വിവരങ്ങള്‍ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം ബിഗ്സ്‌ക്രീനില്‍ ആരാവും സൗരവ് ഗാംഗുലിയെ അവതരിപ്പിക്കുന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. രണ്‍ബീര്‍ കപൂറിന്റെ പേരാണ് കൂടുതലായി പ്രചരിക്കുന്നത്.

ചെന്നൈ: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസന്‍.

‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല’-കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം, ചിത്രം റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്‌ബോള്‍ 200 കോടി ക്ലബ്ബില്‍ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയ നടന്‍ കമല്‍ഹാസനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ നേരിടുന്ന വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരുവാക്കുപോലും പറഞ്ഞില്ലെന്ന് ചിന്മയി വ്യക്തമാക്കി.

നാടിന്റെ യശസ്സിനുവേണ്ടി പോരാടേണ്ടതിന് പകരം സ്വന്തം സുരക്ഷയ്ക്കുവേണ്ടി പോരാടാന്‍ നമ്മള്‍ അവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു എന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. സ്റ്റാന്‍ഡ് വിത് മൈ ചാമ്പ്യന്‍സ്, റെസ് ലേഴ്‌സ് പ്രൊട്ടസ്റ്റ് എന്നാ ഹാഷ്ടാഗുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി കമല്‍ ഹാസനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഗായികയ്ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമല്‍ ഉയര്‍ത്തിയിട്ടില്ലെന്നാണ് ചിന്മയിയുടെ കുറ്റപ്പെടുത്തല്‍. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.

2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്.

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച കര്‍ണാടകയിലെ കോളജ് നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് വിദ്യാര്‍ഥിനികളോട് സിനിമ സൗജന്യമായി കാണാന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പല്‍ കെ.സി ദാസ് ആണ് നോട്ടീസ് ഇറക്കിയത്.

ബുധനാഴ്ച 11 മുതല്‍ അര്‍ധ അവധി പ്രഖ്യാപിച്ചാണ് ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ നോട്ടീസ് ഇറക്കിയത്. ഉച്ചയ്ക്ക് 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോട്ടീസില്‍ പറഞ്ഞിരുന്നു. സൗജന്യമായി സിനിമ കാണാമെന്നും എല്ലാവരും നിര്‍ബന്ധമായും സിനിമ കണ്ടിരിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസ് ടാക്കീസില്‍ വെച്ചാണ് സിനിമാ പ്രദര്‍ശനം തീരുമാനിച്ചിരുന്നത്.

എന്നാല്‍, കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നഡ എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധരാമയ്യ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ വി.പി. നിരഞ്ജനാരാധ്യ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെടുകയും തഹസില്‍ദാരെയും ബഗല്‍കോട്ട് ഡെപ്യൂട്ടി കമ്മീഷണറെയും നേരിട്ട് വിളിപ്പിച്ച് നോട്ടീസ് പിന്‍വലിപ്പിക്കുകയുമായിരുന്നു.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടി ദി കേരള സ്റ്റോറി. രാജ്യത്തുടനീളം സിനിമ വന്‍ ഹിറ്റായി മുന്നേറുകയാണെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി.

മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളിലാണ് 100 കോടി ക്ലബ്ബിലെത്തിയത്. സിനിമ റിലീസിനെത്തിയ രണ്ടാമത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ഇതുവരെ നേടിയ ഏറ്റവും വലിയ തുകയാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.

ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലും കാനഡയിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലെ മൂന്ന് പെണ്‍കുട്ടികളെ നാടു കടത്തി ഐഎസില്‍ ചേര്‍ത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണമായി എങ്ങനെ മാറ്റുന്നുവെന്ന് വ്യക്തിമാക്കി തരുന്നുണ്ട് സിനിമ.

ആര്‍.ആര്‍. ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമായ പ്രശസ്ത സംഗീത സംവിധായകന്‍ എം.എം. കീരവാണി വീണ്ടും മലയാളത്തിലേക്ക്. വിജീഷ് സംവിധാനം ചെയ്യുന്ന മജീഷ്യന്‍ എന്ന ചിത്രത്തിലാണ് ഇനി കീരവാണി സംഗീതം.

ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും 28ന് വൈകിട്ട് 5ന് തിരുവനന്തപുരം ലുലുമാളില്‍ നടക്കും. ചടങ്ങില്‍ കീരവാണി പങ്കെടുക്കും. ഇളയരാജയ്ക്കുശേഷം ഗിന്നസ് പക്രു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്.

1990-ല്‍ പുറത്തിറങ്ങിയ മനസ് മമത എന്ന ചിത്രമാണ് തെലുങ്ക് സിനിമയില്‍ കീരവാണിയെ അടയാളപ്പെടുത്തുന്നത്. ഐ.വി. ശശിയുടെ നീലഗിരിയാണ് മലയാളത്തിലെ ആദ്യ ചിത്രം. പിന്നാലെ എത്തിയ ചിത്രമായിരുന്നു സൂര്യമാനസം. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം സിനിമയില്‍ പിറന്നത് ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. 27 വര്‍ഷത്തിനുശേഷം കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് സംഗീത പ്രേമികള്‍.

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സര്‍വൈവല്‍ ത്രില്ലര്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മെയ് 26 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രം മെയ് 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയും ആഗോളതലത്തില്‍ 137 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

‘ഞങ്ങള്‍ നിര്‍മ്മിച്ച സിനിമയെക്കുറിച്ച് ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുകയും നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഇതുവരെ ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച പ്രതികരണത്തില്‍ ഞങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു. ചിത്രത്തിന് ലഭിച്ച ഊഷ്മളതയും സ്‌നേഹവും കണക്കിലെടുത്ത്, ‘2018’ രാജ്യവ്യാപകമായി പ്രേക്ഷകര്‍ക്കായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു’- ജൂഡ് പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ലീഡര്‍ രാമയ്യയില്‍ നായകനാവാന്‍ വിജയ് സേതുപതി. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണ്.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുക. സത്യരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.

സിദ്ധരാമയ്യയായി വിജയ് സേതുപതി എത്തുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

പ്രശസ്ത ചലച്ചിത്ര നടന്‍ ശരത് ബാബു (71) അന്തരിച്ചു. ആന്തരാവയവങ്ങളിലെ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാര്‍ഥ പേര്.

1973 തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്‌സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.