Entertainment (Page 22)

തിരുവനന്തപുരം: നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ്. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തിൽ ഇഡിയുടെ നടപടി. സൗബിനെ ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം യെച്തത്.

പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. ജൂൺ 11ന് ആയിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു ഉയർന്ന പരാതി.

പ്രേക്ഷരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഷാരൂഖ് ഖാന്റേതാണെന്ന പേരിൽ ബെവർലി ഹിൽസിലുള്ള മാളികയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

കാലിഫോർണിയിൽ 14,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന മാളികയാണിത്. ഒരു ഫാൻ പേജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് കിടപ്പുമുറികളും ആറ് ബാത്ത്‌റൂമുകളുമുള്ള വില്ല ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്റേതാണെന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

ഇവിടെ ഒരു രാത്രി തങ്ങുന്നതിന് 2,00,000 രൂപയാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ചെന്നൈ: നടൻ ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസാണ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കിയത്. ചെന്നൈ പോയസ് ഗാർഡനിലെ ഒരു വസ്തുവിന്റെ പേരിലുണ്ടായിരുന്ന ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണ് കോടതി ഒത്തുതീർപ്പാക്കിയത്.

വസ്തുവിന്മേലുള്ള നടന്റെ അവകാശം തടയാൻ അജയ് കുമാർ ലുനാവത്തും ഹീമ ലുനാവത്തുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയം രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പരാതിക്കാർ നേരിട്ടും ധനുഷ് വീഡിയോ കോൺഫറൻസിലൂടെയുമാണ് കോടതിയിൽ ഹാജരായത്. നളിന രാമലക്ഷ്മി എന്നയാൾ വാടകയ്ക്ക് താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വീട്ടിൽ ഫെബ്രുവരി 5ന് നടൻ തന്റെ സഹായികളിൽ ചിലരെ അയച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും പറഞ്ഞുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.

നടന്റെ സഹായികൾ സർക്യൂട്ട് ബ്രേക്കർ നീക്കം ചെയ്ത് വൈദ്യുതി ഓഫ് ചെയ്യുകയും ഉടൻ വീട് ഒഴിയണമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിക്കാർ ആരോപിച്ചിരുന്നു.

തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം: നടൻ ജോജു ജോർജിന് പരിക്ക്. ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് ആണ് പൊട്ടലുണ്ടായത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

അപകടം ഉണ്ടായത് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു. ജോജു ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

ആരാധകരേറെയുള്ള തമിഴ് താരമാണ് വിജയ് സേതുപതി. തന്റെ സിനിമകളെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതുവരെ ചെയ്ത അമ്പത് ചിത്രങ്ങളിൽ ഏറ്റവും മികച്ച 5 സിനിമകൾ പറയാമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 50 സിനിമകളും എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തനിക്ക് അതിൽ ഉത്തരവാദിത്തമുണ്ട്. കാരണം താനാണ് സിനിമ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് തന്നെ വിജയിച്ചാലും പരാജയപ്പെട്ടാലും അത് എന്റെ കൂടി ഉത്തരവാദിത്തമാണ്. താൻ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും തനിക്കിഷ്ടമാണെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. വിജയ് സേതുപതിയുടെ 50 -ാമത്തെ ചിത്രം മഹാരാജയുടെ അണിയറ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിതിലൻ സ്വാമിനാഥനാണ് മഹാരാജയുടെ സംവിധായകൻ. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

പ്രേക്ഷരുടെ പ്രിയ താരമാണ് നടി മംമ്ത മോഹൻദാസ്. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താൻ ഒരാളുമായി ഡേറ്റിംഗിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോൾ താൻ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതിൽ താൻ സന്തോഷവതിയാണ്. ഭാവിയിൽ എന്താകുമെന്ന് അറിയില്ല, ഇപ്പോൾ സന്തോഷമാണെന്ന് മംമ്ത വ്യക്തമാക്കുന്നു.

ലോസ് ഏഞ്ചൽസിൽ ഉള്ള ഒരു വ്യക്തിയുമായി നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റൻസ് ആയതിനാൽ ആ പ്രണയം നീണ്ടു നിന്നില്ല. തനിക്ക് പ്രണയത്തിൽ കരുതൽ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാൾക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നൽകും. അതിൽ കൂടുതൽ തനിക്ക് സഹിക്കാനാവില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഹിന്ദി സിനിമാലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഒരു ചിത്രത്തിന് അക്ഷയ് വാങ്ങുന്നത് 135 കോടിയാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അക്ഷയ് കുമാറിന്റെ ആകെ ആസ്തി സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അക്ഷയ് കുമാറിൻറെ ആകെ ആസ്തി 742 കോടിയാണെന്നാണ് ലൈഫ് സ്‌റ്റൈൽ ഏഷ്യയുടെ കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

സിനിമയ്ക്ക് പുറത്ത് നിരവധി ബ്രാൻഡുകളുടെ അംബാസിഡറാണ് അക്ഷയ് കുമാർ. 6 കോടിയാണ് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അക്ഷയ് വാങ്ങുന്ന പ്രതിഫലം. ഹരി ഓം എന്റർടെയ്ൻമെന്റ് അന്ന ബാനറുമായി നിർമ്മാണ രംഗത്തും താരം സജീവമാണ്. മുംബൈ ജൂഹുവിലെ ബംഗ്ലാവ് അടക്കം നിരവധി വാസ സ്ഥലങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്.

ജൂഹുവിലെ ബംഗ്ലാവിന് മാത്രം 80 കോടി വരുമെന്ന് ഹൗസിംഗ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽത്തന്നെ ഖർ വെസ്റ്റിൽ 1878 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്‌മെന്റും ഗോവയിൽ ഒരു പോർച്ചുഗീസ് സ്‌റ്റൈൽ വില്ലയുമുണ്ട്. മുംബൈയിലെ അപ്പാർട്ട്‌മെന്റിന് 7.8 കോടിയും ഗോവയിലെ വില്ലയ്ക്ക് 5 കോടിയും മൂല്യമുണ്ട്. 10 കോടി വരെ വിലയുള്ള കാറുകളും 260 കോടിയുടെ പ്രൈവറ്റ് ജെറ്റും അക്ഷയ് കുമാറിനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അഭിനയ മികവുകൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം നേടിയ യുവ നടനാണ് കാർത്തിക് ആര്യൻ. അടുത്തിടെ തന്റെ ആഡംബര കാറായ മക്ലാരൻ ജിടി എലി കരണ്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ദ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂൽ ഭുലയ്യ 2 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് ഭൂഷൺ കുമാറാണ് ഈ കാർ കാർത്തിക് ആര്യന് സമ്മാനിച്ചത്. 4.72 കോടി രൂപയാണ് മക്ലാരൻ ജിടി കാറിന്റെ വില. തന്റെ വിലകൂടിയ കാർ ഇപ്പോൾ എലികളുടെ സങ്കേതമായെന്നും അത് നന്നാക്കുവാൻ വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ടി വന്നെന്നും താരം പറയുന്നു.

മറ്റൊരു കാറായിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത് അതിനാൽ ഏറെക്കാലം ഗാരേജിൽ മക്ലാരൻ കിടന്നു. എലികൾ കാറിന്റെ മാറ്റിൽ താമസം തുടങ്ങി അത് കടിച്ചുമുറിച്ചുവെന്നും താരം വ്യക്തമാക്കി.

പുതുതായി ഒരുങ്ങുന്ന അമൽ നീരദ് ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസംഅമൽ നീരദ് പങ്കുവെച്ചിരുന്നു. ഇതിന്റെ ഓരോ അപ്‌ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഇപ്പോൾ അമൽ നീരദ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ബോഗയ്ൻവില്ല’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതുവരെ പ്രഖ്യാപിച്ച താരങ്ങളുടെ ചിത്രത്തിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ആക്ഷൻ ചിത്രമാണിതെന്നാണ് പോസ്റ്ററിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ്. പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.