Career (Page 71)

കൊച്ചി: ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്സായി പാസ്സായവർക്ക് അപേക്ഷിക്കാം.

സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികമുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2.

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ കണയന്നൂർ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം ഉള്ളവർക്കും, ബിരുദധാരികൾക്കും പ്രത്യേക പരിഗണന.

സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ, ജീവനക്കാർ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും (നിയമം, എം.എസ്.ഡബ്ല്യൂ) സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കരുത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ചെയർമാൻ, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ സെന്റർ, കലൂർ എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0484 2344223. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26.

പാലക്കാട്: പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും പി.ആർ.ഡിയിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം

അപേക്ഷകർ. വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണൽ എഡിറ്റ് സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പിൽ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങൾ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും.

ലൈവായി വീഡിയോ ട്രാൻസ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം. സ്ട്രിങ്ങർ ജില്ലയിൽ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താൻ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങൾക്ക് നൽകുന്നതിന് മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം.

അപേക്ഷകർ ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. താത്പര്യമുള്ളവർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേൽപറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കിൽ ആയത് വ്യകതമാക്കുന്ന രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫോൺ-0491 2505329. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 22.

കൊച്ചി: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 21 ചൊവ്വാഴ്ച്ച നടക്കും. കാക്കനാട് മീഡിയ അക്കാദമിയാണ് എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രം

careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച യോഗ്യരായവർക്ക് 20 മുതൽ ഹാൾ ടിക്കറ്റ് വെബ്സൈറ്റിലെ മൈ അഡ്മിറ്റ് കാർഡ് വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10. 30 മുതൽ 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 വരെയും നടക്കും. പരീക്ഷാ സെന്റർ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുൻപ് ഹാളിൽ പ്രവേശിക്കണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഹാളിൽ അനുവദിക്കില്ല.

തിരുവനന്തപുരം: കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നേഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ /പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 17.

വയനാട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു.

എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. സോഷ്യൽവർക്ക്/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രായപരിധി 18-40 (ജനുവരി 1, 2023 ന് 40 വയസ് കവിയരുത്). ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുൻപരിചയമുള്ളവർക്കും തിരുവനന്തപുരം നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ തിരുവനന്തപുരം ഐസിഡിഎസ് അർബൻ 3 ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വെക്കണം. അപേക്ഷാ കവറിനുമുകളിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റർ നിയമനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അർബൻ 3, മൂന്നാംനില, വസന്തം ടവർ, പേരൂർക്കട പി.ഒ., തിരുവനന്തപുരം – 695 005. ഫോൺ: 0471-2433090. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 3 വരെ.

തിരുവനന്തപുരം: നീതിന്യായ വകുപ്പിൽ ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കന്റ് ക്ലാസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം. യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം/ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും/ ജൂഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം/ ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയം/ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റായി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. കോടതി ഭാഷയിൽ മതിയായ പ്രവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയിൽ 65 വയസ് പൂർത്തിയാകാൻ പാടില്ല.

അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരെ പരിഗണിക്കില്ല. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് ക്ലാർക്ക് തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 26ന്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

സിലബസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം: 40 വയസ്സ് കവിയരുത്.

വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.

പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ ഒരു പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.