പാലക്കാട്: പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും പി.ആർ.ഡിയിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം
അപേക്ഷകർ. വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണൽ എഡിറ്റ് സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പിൽ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങൾ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും.
ലൈവായി വീഡിയോ ട്രാൻസ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം. സ്ട്രിങ്ങർ ജില്ലയിൽ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താൻ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങൾക്ക് നൽകുന്നതിന് മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം.
അപേക്ഷകർ ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. താത്പര്യമുള്ളവർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേൽപറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കിൽ ആയത് വ്യകതമാക്കുന്ന രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫോൺ-0491 2505329. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 22.

