Career (Page 70)

തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർ ക്കാണ് അവസരം.

ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍,മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍,ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍,തീവ്രപരിചരണം/ജറിയാട്രിക്സ് കാർഡിയോളജി/ജനറൽ വാർഡ് സർജിക്കൽ- മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും/ഓപ്പറേഷൻ തീയേറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

ആദ്യ എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്സുമാരുടെ ജർമ്മൻ ഭാഷാ പരിശീലനം ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും, തിരുവനന്തപുരത്തുമായി പൂർത്തിയായി. ഇവരിൽ ബി 1 ലെവൽ യോഗ്യത നേടിയവരുടെ വിസ പ്രോസസിംഗ് നടന്നുവരുന്നു. രണ്ടാം എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 300 നഴ്സുമാരുടെ ഭാഷാ പരിശീലനം ജനുവരി 23 ന് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഭാഷാ പരിശീലനം പൂർത്തിയാക്കി ബി 1 സർട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് ഇവരെ അസിസ്റ്റന്‍റ് നഴ്സുമാരായി ജർമ്മനിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ജർമ്മനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്‍റെ ചെലവിൽ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റേര്‍ഡ് നഴ്സായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതിനും ഇവർക്ക് സാധിക്കും.

രജിസ്റ്റേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും. രജിസ്റ്റേർഡ് നഴ്സ് ആയാൽ കുറഞ്ഞത് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറിൽ 20 മുതൽ 35 ശതമാനം വരെ വർദ്ധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കുന്നതാണ്. നിലവിൽ ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ ജർമ്മനിയിൽ തൊഴിൽ ലഭിച്ച നഴ്സുമാർക്ക് 2900 യൂറോ വരെ അലവൻസുകൾ കൂട്ടാതെ തന്നെ തുടക്ക ശമ്പളം ലഭിച്ചിട്ടുണ്ട്. ക്ലാസുകൾ തീർത്തും നേരിട്ടുള്ളതായിരിക്കും. ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാകാൻ കഴിയുന്ന ഉദ്യോ ഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഏതെങ്കിലും വിദേശരാജ്യ ങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 6. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, German Language Certificate, രജിസ്ട്രേഷൻ, മേൽപ്പറഞ്ഞ ഡിപ്പാർട്ടുമെന്റുകളിൽ എക്സ്പീരിയൻസ് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി: മാർച്ച് 8.

തിരുവനന്തപുരം: സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജില്ലാ എഡി.ആർ. സെന്ററുകളിൽ ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളാണുള്ളത്.

നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലോ സമാന തസ്തികയിൽ 41300-87000 ശമ്പള സ്‌കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിയമ ബിരുദമുണ്ടായിരിക്കണം. നിലവിലെ വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയിലെ ഒഴിവ് റദ്ദാക്കുന്നതായും ലീഗൽ സർവ്വീസസ് അതോറിറ്റി അറിയിച്ചു.

അതേസമയം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം (സുവോളജി) തസ്തികയിൽ കാഴ്ച പരിമിതർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. എം.എസ്.സി സുവോളജി, ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ശമ്പള സ്‌കെയിൽ- 45,600-95,600. പ്രായപരിധി 01.01.2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 27നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്.

യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ആൻഡ് മലയാളം. മെഡിക്കൽ കോളേജിന് 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്കും മെഡിക്കൽ രംഗത്ത് ഡാറ്റ എൻട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്. മാർച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ വച്ചാണ് അഭിമുഖം നടക്കുക.

കൊച്ചി: വനിതാ ശിശുവകസന വകുപ്പ്, എറണാകുളം ജില്ല ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുകൾ. തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം.

വിലാസം: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ, തിരുവാങ്കുളം. പി.ഒ. പിൻ-682305. കൂടുതൽ വിവരങ്ങൾക്ക്: 9188959730. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25നു വൈകിട്ട് അഞ്ചുമണി.

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്. അഭിമുഖം നടക്കുന്ന തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 29535 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജനറൽ ആശുപത്രിക്ക് സമീപമുള്ള സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ജനറൽ ആശുപത്രിക്ക് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഫെബ്രുവരി 24ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് / അസി. പ്രൊഫസർ കരാർ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 10.30ന് നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി യും റ്റി.സി.എം.സി രജിസ്‌ട്രേഷനും വേണം. പ്രതിമാസ വേതനം 70,000 രൂപ.

അതേസമയം, തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.

തിരുവനന്തപുരം: ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാൻഡ് ഡ്രാഫ്റ്റ് ‘THE COMMANDANT, RIMC DEHRADUN’, DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ ‘THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN – 248003’ എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺനമ്പർ ഉൾപ്പെടെ (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ, എഴുതേണ്ടതാണ്.

അപേക്ഷയോടൊപ്പം RIMC-യിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിനുള്ളിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം. പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും), 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉൾപ്പെടുത്തിയായിരിക്കണം അയക്കേണ്ടത്. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ RIMCയിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 15-ന് മുൻപായി ലഭിക്കുന്ന തരത്തിൽ ”സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം.