Career (Page 61)

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിയമനം. 2023 – 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത.

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം. ഡി.എം.ഇ, അംഗീകൃത ഡയാലിസിസ് ടെക്‌നിഷ്യൻ കോഴ്സ് എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.

മണ്ണാർക്കാട് താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.ഏപ്രിൽ 12ന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂ നടക്കും. ഫോൺ: 04924 224549.

പാലക്കാട്: ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ സ്റ്റാഫ് നഴ്സ്, അഡോളസെന്റ് ഹെൽത്ത് കൗൺസിലർ നിയമനം. സ്റ്റാഫ് നഴ്സ് തസ്തികയിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജി.എൻ.എം/ബി.എസ്.സി നഴ്സിങ് എന്നിവയാണ് യോഗ്യത.

കെ.എൻ.എം.സി രജിസ്ട്രേഷൻ നിർബന്ധം. 17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെൽത്ത് കൗൺസിലർ തസ്തികയിൽ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ (മെഡിക്കൽ ആൻഡ് സൈക്ക്യാട്രി), എം.എസ്.സി നേഴ്സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം 14,000 രൂപ. ഇരുതസ്തികകൾക്കും 2023 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്.

യോഗ്യരായവർ ആരോഗ്യ കേരളം വെബ്സൈറ്റിൽ ഓൺലൈൻ വഴി ഏപ്രിൽ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ എൻ. എച്ച്.എം (ആരോഗ്യകേരളം) അറിയിച്ചു.

കൊല്ലം: കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്‌സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്.

ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്‌സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്‌സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 – 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

എറണാകുളം: പാതിവഴിയിൽ പഠനം നിലച്ചവർക്ക് സുവർണാവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദർശന വിപണന മേള. സാക്ഷരതാ മിഷന്റെ സ്റ്റാളിലാണ് പാതി വഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം നൽകുന്നത്. സ്റ്റാളിൽ നിന്ന് നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

നാല്, ഏഴ് ക്ലാസുകളുടെ സാക്ഷരതാ കോഴ്‌സും പത്താം ക്ലാസ്, പ്ലസ് ടു തരം തുല്യതാ കോഴ്‌സുകളുമാണ് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്നത്. ഈ മാസം 30 വരെ രജിസ്‌ട്രേഷൻ സമയമായതിനാൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോടകം 50ലധികം പേരാണ് പ്രദർശന നഗരിയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. നൂറു കണക്കിന് പേരാണ് ദിവസേന സന്ദർശനം നടത്തുന്നത്.

700 പഠിതാക്കൾക്ക് സൗജന്യമായി പത്ത്, പ്ലസ് ടു തുല്യത കോഴ്‌സ് പഠിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. വിവിധ സർക്കാർ പദ്ധതികളുടെയും സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെയും വിശദമായ വിവരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ.

വർക്കർ തസ്തികയിൽ എസ്എസ്എൽസിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല.

2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചു വരെ.

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ഫിനാനൻസ് ആൻഡ് അക്കൗണ്ട്‌സ് (മുസ്ലിം സംവരണം-ഒന്ന്), ലീഗൽ (എസ്.സി സംവരണം- ഒന്ന്), പ്രൊജക്ട്‌സ് ( എൽസി/എഐ (ഒരു ഒഴിവ്)- ഹിന്ദു നാടാർ ആൻഡ് എസ്.ഐ.യു.സി നാടാർ (രണ്ട് ഒഴിവ്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) തസ്തികയിൽ സി.എ/എ.ഐ.സി.ഡബ്ല്യു.എ യോഗ്യതയും, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദവും നിയമത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും/അഞ്ച് വർഷത്തെ എൽ.എൽ.ബിയിൽ ഫസ്റ്റ് ക്ലാസും, നിയമ മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്‌സ്) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എയുമാണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് പ്രൊജക്റ്റ് അപ്രൈസൽ, ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ, ബിസിനസ് ഡെവലപ്‌മെന്റ്, സിവിൽ കൺസ്ട്രക്ഷൻ, അനുബന്ധ എഞ്ചിനീയറിങ് മേഖല എന്നിവയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് മികച്ച ആശയ വിനിമയ പാടവം ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28 വൈകീട്ട് അഞ്ച് മണി.

തിരുവനന്തപുരം: വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്.

എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് വിവിധ തസ്തികകളിലേക്കായി ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജ് ഓഫീസിലാണ് ഇന്റർവ്യൂ നടത്തുന്നത്.

ഇന്റർവ്യൂ ദിനത്തിനു മുമ്പ് അടിസ്ഥാന യോഗ്യത നേടിക്കഴിഞ്ഞവരെ മാത്രമേ പരിഗണിയ്ക്കുകയുള്ളു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയുടെയും ജാതി, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് ശരി പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതും ഈ കാലയളവിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് ഈ ലിസ്റ്റിൽ നിന്നും പരിഗണിക്കും. യുജിസി-നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതില്ലാത്തവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 04922-255061, 8547005042 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്റർവ്യൂ ഏപ്രിൽ മാസം 11ന് രാവിലെ ഒമ്പതു മുതൽ ആരംഭിക്കും.