Career (Page 156)

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്സ്, JAVA IOT, Python, Mechine learning എന്നിവയാണ് കോഴ്സുകൾ.

അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. kgs.keltron.in ൽ അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154, കെൽട്രേൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിലേക്ക് 2021-2022 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

കൂടാതെ, സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. എസ്.ഇ.ബി.സി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 12 വരെ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം.

അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി ഏപ്രിൽ 16 വരെ സമർപ്പിക്കാവുന്നതാണ്. ഫോൺ: 04712560363, 64.

തിരുവനന്തപുരം: ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്സുമാർക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്സി / ബി.എസ്സി / ജി.എൻ.എം നഴ്സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി.

അപേക്ഷകർ ബയോഡാറ്റയും IELTS/ OET സ്‌കോർഷീറ്റ് എന്നിവ eu@odepc.in എന്ന മെയിലിലേക്ക് അയക്കണം. ഏപ്രിൽ 10 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.

അതേസമയം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13ന് വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 6, 7, 8, 11 തീയതികളിൽ നടക്കും. കിഴക്കേക്കോട്ടയിലുള്ള എക്‌സൈസ് ഡിവിഷൻ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വ്യക്തിപരമായ അറിയിപ്പ് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2473149 എന്ന നമ്പറിൽ ബന്ധപ്പടുക.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം.

പ്രതിമാസം 10,000 രൂപയാണ് വേതനം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 23 ന് വൈകുന്നേരം 5 നകം അപേക്ഷ ലഭ്യമാക്കണം.

വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദ വിവരങ്ങൾക്ക് 0471-2348666 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: മലയാളി നഴ്‌സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്ക് പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്‌സും ജർമൻ ഫെഡർ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൽ വിൻ പദ്ധതി പ്രകാരം ജർമനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വൻതോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എൻ.എം, മിഡ് വൈഫറി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകൾ തിരികെ ലഭിക്കും.

യു.കെയിൽ എത്തിച്ചേർന്നാൽ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളിൽ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവിൽ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാൽ 25,665 മുതൽ 31,534 യൂറോ വരെ ശമ്പളം കിട്ടും.

ട്രിപ്പിൾ വിൻ പദ്ധതി വഴി ജർമനിയിലേക്ക് നഴസിംഗ് റിക്രൂട്ട്‌മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്ട്‌സ് യു.കെയിലേക്ക് നഴ്‌സുമാരെ അയക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂർണമായും സൗജന്യമാണ്.

വിശദാംശങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്. ഇ മെയിൽ uknhs.norka@kerala.gov.in.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റുമെട്രിക് ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 45 ദിവസമാണ് പരിശീലനം.

100 വിദ്യാർത്ഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു വർഷത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കണം. ഏപ്രിൽ ഏഴ് ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്കായി 0471-2737253 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

കണ്ണൂർ: കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്ട് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വോളിബോൾ, ഫുട്‌ബോൾ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ ജി.വി.എച്ച്.എസ്. സ്‌പോർട്‌സ് സ്‌കൂളിൽ വോളിബോൾ കോച്ചിന്റേയും തൃശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസ് സ്‌പോർട്‌സ് ഡിവിഷനിൽ ഫുട്‌ബോൾ കോച്ചിന്റേയും ഓരോ ഒഴിവു വീതമാണുള്ളത്. യോഗ്യതയും മറ്റു വിവരങ്ങളും gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഏപ്രിൽ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023 ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 22 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്.

പ്രവേശന പരീക്ഷ ഏപ്രിൽ 24 ന് രാവിലെ 11 മുതൽ ഒന്നു വരെ അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.kscsa.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2665489, 8848346005, 9846715386, 9645988778, 9746007504.

തിരുവനന്തപുരം; കേരള ഫോക്ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഫോക്ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാപരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു. സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം വേണം.

സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അറിവ് ഉണ്ടാവണം. കരു, മരം, തുടി, പാട്ട് എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക തസ്തികയിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പടയണി അധ്യാപക തസ്തികയിൽ പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന.

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ട്രൈബൽ ക്രാഫ്റ്റ് അധ്യാപക തസ്തികയിൽ മുള, ഈറ, പനമ്പ് തുടങ്ങിയ വംശീയ കരകൗശല മാധ്യമങ്ങളിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് വൈദഗ്ദ്ധ്യം ഉള്ളവരും ഫോക്ലോർ അക്കാദമി അവാർഡ് നൽകിയ വ്യക്തികൾ, ട്രൈബൽ ക്രാഫ്റ്റ്, ആർട്ടിസാൻ അതത് ട്രൈബൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ആശാൻമാർ എന്നിവർക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ള കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ, ബയോ-ഡാറ്റ എന്നിവ ഏപ്രിൽ അഞ്ചിനകം സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കണം. keralafolkloreacademy@gmail.com ലും അപേക്ഷ അയയ്ക്കാം.