Career (Page 155)

തിരുവനന്തപുരം: ജി.വി.രാജ സ്പോർട്സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ‘സെന്റർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്ലറ്റിക്സ്, ഫുട്ബോൾ, വോളീബോൾ, ഹോക്കി, തായ്ക്വോണ്ടോ, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷഫോം www.gvrsportsschool.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ gvrsportsschool@gmail.com ലേക്കോ Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ ഏപ്രിൽ 25 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ ഒഴിവുകൾ. നഴ്സിങ് ഓഫീസർ, സ്വിച്ച് തെറാപ്പിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്- ഇൻസ്ട്രുമെന്റ്, ലാബ് 5, ലൈബ്രറി- കം- ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, സോഷ്യൽവർക്കർ, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഏപ്രിൽ 22 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

നഴ്‌സിംഗ് ഓഫീസർ: 40 ഒഴിവുകളാണുള്ളത്. യോഗ്യത: ബിഎസ്സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കാർഡിയാക്/ന്യൂറോ, ബഡ്സൈഡ് നഴ്സിങ് വർക്ക് എക്സ്പീരിയൻസ് അഭിലഷണീയം. അല്ലെങ്കിൽ നഴ്സിങ് ആന്റ് മിഡ്വൈഫറിയിൽ (എഗ്രേഡ്) ഡിപ്ലോമായും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമായും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും. കാർഡിയാക്/ന്യൂറോ ബഡ്സൈഡ് നഴ്സിങ് എക്സ്പീരിയൻസ് അഭിലഷണീയം. കമ്പ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പള നിരക്ക് 44900-142400 രൂപ. എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ, ശമ്പളം തുടങ്ങിയ വിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള നടത്തുന്നത്.

ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയുമാണ് യോഗ്യത. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടു ഉം 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 17 നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചയ്യണം.

ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/ST’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. 0471-2332113, 8304009409 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 39300-83000 എന്ന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്.ഡബ്ല്യൂ എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 20ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, മൂന്നാംനില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.sanitation.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സെലൻസും (KASE) ചേർന്നു വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘സങ്കൽപ് നൈപുണ്യ’ പരിശീലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിമൻ ഡെലിവറി എക്സിക്യൂട്ടീവ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 40 ദിവസത്തേക്കാണ് കോഴ്‌സ്. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായപരിധി 18-45 നും മധ്യേ.

ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ 11 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0484-2401008, 9446323937.

ന്യൂഡൽഹി: ഇന്ത്യൻ ആർമി എച്ച്ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 10, 12 പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. മെയ് 1, 2022 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുക്കപ്പെടുന്ന മൾട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ ശമ്പളം 5,200 രൂപ മുതൽ 20,200 രൂപ വരെ വ്യത്യസ്തമായിരിക്കും. തെരഞ്ഞെടുത്ത സ്റ്റെനോഗ്രാഫർമാർക്കുള്ള ശമ്പളം 25,500 രൂപ ആയിരിക്കും.

MTS (മെസഞ്ചർ) 4 ഒഴിവുകളാണുള്ളത്. ഒബിസി – 2, എസ്സി – 1, ESM – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. സ്റ്റെനോ ഗ്രേഡ്-II ൽ ഒബിസി വിഭാഗത്തിന് ഒരൊഴിവാണുള്ളത്. MTS (മെസഞ്ചർ) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സ്റ്റെനോ ഗ്രേഡ്-II – 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിൽ കുറവോ 25 വയസ്സിൽ കൂടുതലോ ആയിരിക്കരുത്.

രേഖകളുടെ പരിശോധന, എഴുത്തു പരീക്ഷ, ക്യാരക്റ്റർ വേരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ തുടങ്ങിയവയിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഓഫ്ലൈനായും അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം The Establishment Officer, Headquarters 101 Area, PIN-908101, C/o 99 APO. എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം.

അവസാന വർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.

പരീക്ഷയ്ക്ക് ഓൺലൈൻ ആയി ഏപ്രിൽ 6 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽ 1,000 രൂപയും എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളിൽ 500 രൂപയുമാണ് ഫീസ്. ഇത് ഓൺലൈൻ ആയി അടയ്ക്കണം. പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/ എസ്.ടി/ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഏപ്രിൽ 7നും 2022 ഏപ്രിൽ 25നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദേശം പോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ എപ്രിൽ 20 ന് വൈകിട്ട് അഞ്ചിനു മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ: www.lbscentre.kerala.gov.in.

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ എം.എസ്സി നഴ്സിംഗ് കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ നഴ്സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഏപ്രിൽ ആറിന് രാവിലെ 11 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. അപേക്ഷകർ രാവിലെ 10.30നു മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം.

കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021 ലെ എം.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക.

സ്പോട്ട് അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ ഏഴിനുള്ളിൽ കോളേജിൽ ഫീസ് അടച്ചും രേഖകൾ സമർപ്പിച്ചും പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക് www.dme.kerala.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 20 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി റീഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്രാന്റ്സ് ഓഫ് കേരള’യിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനം. ഏപ്രിൽ 11 ന് രാവിലെ 10 ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അതേസമയം, വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ്സി/ എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 12നു രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

തിരുവനന്തപുകം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ് പരിപാടി ഈ വർഷംതന്നെ നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പഠനം പൂർത്തിയാക്കിയ ഉടൻ ചെറുപ്പക്കാർ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ ഇതു വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പോളിടെക്‌നിക് കോളജുകളിൽ നടപ്പാക്കുന്ന ‘ഇൻഡസ്ട്രി ഓൺ ക്യാംപസ് ഇൻ പോളിടെക്‌നിക്‌സ്’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്ഥവിദ്യരായവർക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാൻ കഴിയുംവിധമാണ് ഇന്റേൺഷിപ്പ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റേൺഷിപ് ചെയ്യുന്നവർക്കു സർക്കാർ പ്രതിമാസം 5,000 രൂപ വീതം നൽകും. ചുരുങ്ങിയത് ഇത്രയും തുകയോ ഇതിൽ കൂടുതലോ സ്ഥാപന ഉടമയും നൽകണം. പഠനം പൂർത്തിയാക്കിയിറങ്ങുന്നവർ തുടക്കത്തിൽ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ പ്രയോജനംചെയ്യുന്ന പദ്ധതിയാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിദ്യാർഥികൾ ആർജിക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കിമാറ്റണം. പോളിടെക്‌നിക്കുകളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാംപസ് പരിപാടി ഈ ലക്ഷ്യത്തോടെയുള്ളതാണ്. പാഠ്യപദ്ധതിക്ക് അനുസൃതമായി ക്യാംപസുകളിൽ വ്യവസായങ്ങളുടെ യഥാർഥ മാതൃക സൃഷ്ടിച്ച് വിദ്യാർഥികൾക്കു പ്രായോഗിക അറിവ് ആർജിക്കാനുള്ള അവസരമൊരുക്കുകയെന്നതും ഇതിന്റെ ഭാഗമായുണ്ട്. സംസ്ഥാനത്തെ 41 സർക്കാർ പോളിടെക്‌നിക്കുകളിലായി 6.5 കോടിയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. സി.എൽ.സി, വെർട്ടിക്കൽ വെൽഡിങ്, ലേസർ കട്ടർ, വെൽഡിങ് സ്റ്റേഷൻ, റോബോട്ടിക്‌സ് ലാബ് തുടങ്ങിയ ഉയർന്ന നിലവാരത്തിലുള്ള ഉപകരണങ്ങൾ, ആധുനിക യന്ത്രങ്ങൾ തുങ്ങിയവ ഇതിന്റെ ഭാഗമായി പോളിടെക്‌നിക്കുകളിൽ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വലിയ ഇടപെടലാണു സർക്കാർ നടത്തുന്നത്. അഞ്ചു വർഷംകൊണ്ട് നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. മറ്റൊരു 20 ലക്ഷം കേരളത്തിലെ കാർഷിക, വ്യാവസായിക, നൂതന വ്യവസായ സംരംഭങ്ങളിലൂടെയും പ്രാവർത്തികമാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും, ഓരോ മണ്ഡലത്തിലും നൈപുണ്യ വികസനത്തിനുള്ള സ്‌കിൽ പാർക്കുകൾ വരും. സംസ്ഥാനതലത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങളും ഇതിനൊപ്പം തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിൽ മേഖലയ്ക്ക് ആവശ്യമായതെന്താണെന്ന് പഠനത്തിനിടയിൽത്തന്നെ വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ ‘ഇൻഡസ്ട്രി ഓൺ ക്യാംപസ്’ പരിപാടിക്കു കഴിയുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കാലത്തിന് ആവശ്യമായ സ്‌കില്ലുകൾ വിദ്യാർഥികൾക്കു പകർന്നു നൽകാനും വ്യവസായ മേഖലയ്ക്ക് ആവശ്യമായ രീതിയിൽ അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനും ഇതിലൂടെ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽ ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിയർ ഓൺ ക്യാംപസ് പരിപാടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ പോളിടെക്‌നിക് കോളജിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി, അസാപ് ചെയർപേഴ്‌സൺ ഡോ. ഉഷ ടൈറ്റസ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.പി. ബൈജുഭായി തുടങ്ങിയവർ പങ്കെടുത്തു.