അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നവർ പ്രതി ആകരുതെന്ന് ഹൈക്കോടതി

കൊച്ചി : റോഡപകടങ്ങളിൽ പരിക്കേറ്റു കിടക്കുന്നവരെ രക്ഷിക്കുന്ന ആളുകളെ പ്രതിയാക്കരുതെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പ്രതിയാക്കിയാൽ എല്ലാവരും സഹായിക്കാൻ വിമുഖത കാണിക്കുന്നതോടെ പരിക്കേറ്റു കിടക്കുന്നവർ ചികിത്സ കിട്ടാതെ മരിക്കുമെന്നാണ് കോടതി പറഞ്ഞത്. കോട്ടയം സ്വദേശി അലക്സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ചതിൽ കോട്ടയം എം എ സി ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ പരേതന്റെ അമ്മയും ഭാര്യയും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ഉന്നയിച്ചത്. 2010 ൽ കടുത്തുരുത്തിക്ക് സമീപം അലക്സാണ്ടറിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടത്തിൽ ഇൻഷുറൻസ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബന്ധുക്കൾ ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടത്. എന്നാൽ പരിക്കേറ്റ അലക്സാണ്ടറിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറിനെയും പോലീസ് പ്രതി ചേർക്കുകയായിരുന്നു. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ബൈക്ക് നിയന്ത്രണം വിട്ടു ഓട്ടോയിൽ ഇടിച്ചതാണെന്ന് വസ്തുത കണ്ടെത്തിയതോടെ പോലീസ് ഓട്ടോ ഡ്രൈവറെ വെറുതെ വിട്ടു. ബൈക്ക് നിയന്ത്രണം വിട്ട് അപകടം ഉണ്ടായതിനാൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ച നടപടിയിൽ അപാകത ഇല്ലെന്ന് കോടതി കണ്ടെത്തി.