ശക്തമായ മഴ; എറണാകുളത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്

കൊച്ചി: എറണാകുളം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ട്. ദേശീയപാതയിലും പ്രധാന റോഡുകളിലും പലയിടത്തും വെള്ളം കയറി. പലയിടങ്ങടങ്ങളിലും ഗതാഗത കുരക്കും അനുഭവപ്പെട്ടു. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂർ, ഇടപ്പള്ളി, വൈറ്റില ജംക്ഷനുകളിൽ റോഡിൽ ഒന്നരയടിയോളം വെള്ളം ഉയർന്നു.

വാഹനങ്ങൾ പലതും വെള്ളം കയറി റോഡിൽ കുടുങ്ങുകയും ചെയ്തു. പൂത്തോട്ടയിൽ വള്ളം മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. പുത്തൻകുരിശ് എംജിഎം ഹൈസ്‌കൂളിന്റെ 12 അടി ഉയരമുള്ള ചുറ്റുമതിൽ ദേശീയപാതയിലേക്കു മറിഞ്ഞു.

ഇൻഫോപാർക്ക് ക്യാംപസിനുള്ളിലും പാർക്കിങ് ഏരിയയിലും വെള്ളം ഉയർന്നു. ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ചിലത് ഒഴുകി നീങ്ങുകയും ചെയ്തു. കളമശ്ശേരിയിൽ നിരവധി വീടുകളിലും വെള്ളം കയറി.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.