പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടത്; ഹൈക്കോടതി

കൊച്ചി: പോലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പൊലീസുകാരുടെ പെരുമാറ്റം ഏതു വിധത്തിലായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിന് വിപരീതമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്ത് തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നത്. ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാൽ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്. ആ ആത്മവീര്യം അത്രയ്ക്ക് ദുർബലമാണെങ്കിൽ അതങ്ങ് പോകട്ടെ എന്നു വയ്ക്കണം. ഒരു പദവിയിൽ ഇരുന്ന് തെറ്റ് ചെയ്താൽ പിന്നെ അവിടെ തുടരാൻ അയാൾ യോഗ്യനല്ല. ഇത്രയധികം ആരോപണങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടും സംസ്ഥാന പൊലീസ് മേധാവി ഒന്നും ചെയ്തില്ല. എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കുന്നതെന്ന് കോടതി ചോദിക്കുന്നു.

അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ് ഐ വി ആർ റിനീഷ് അപമാനിച്ച സംഭവത്തെ തുടർന്ന് കോടതി പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ് ഐ റിനീഷ് വീണ്ടും അപമാനിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.