പാമ്പൻപാലം; റെയിൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു

ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കപ്പൽ വരുമ്പോൾ കുത്തനെ ഉയരുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. വളരെ ശ്രമകരമായ ജോലിയാണിത്. ജൂൺ 30-ഓടെ നിർമാണം പൂർത്തിയാക്കാനാണ് റെയിൽ വികാസ് നിഗം ലക്ഷ്യമിടുന്നത്.

കടലിൽ 2.08 കിലോമീറ്റർ നീളത്തിലാണ് റെയിൽവേ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ 331 കാലുകളും 99 ഗർഡറുകളും ഇതിനോടകം സ്ഥാപിച്ചു. കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാനാണ് ഇനി ഘടിപ്പിക്കാനുള്ളത്. 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുള്ള സ്പാൻ പാലത്തിനുമുകളിലൂടെ രാമേശ്വരം ഭാഗത്തേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്.

ചെറിയ വളവോടെയാണ് പാലത്തിന്റെ നിർമിതിയെന്നതുകൊണ്ട് പതുക്കെയാണ് സ്പാൻ നീക്കുന്നത്. യഥാസ്ഥാനത്തെത്തിച്ച് സ്പാൻ സ്ഥാപിച്ചു കഴിഞ്ഞാൽ മറ്റു ജോലികൾ വേഗം തീർത്ത് പാലം തുറക്കാനാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി. കപ്പലുകൾക്ക് വഴിയൊരുക്കാൻ ഒരുഭാഗം ലംബമായി 17 മീറ്റർ ഉയരുന്ന ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണ് പാമ്പനിലേത്. ഇന്ത്യയിൽ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യപാലമാണിത്.

പാലത്തിന്റെ ഒരുഭാഗം രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്. പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ റോഡുമാർഗമേ രാമേശ്വരത്തെത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ കേരളത്തിൽനിന്നുള്ള അമൃത എക്‌സ്പ്രസ് ഉൾപ്പെടെയുള്ള വണ്ടികൾ രാമേശ്വരം വരെ ഓടുന്നതാണ്.