115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധനവ്; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധനവ്. ആകെ 238 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ കയറ്റുമതി നടത്തിയത്. യുഎസ്, യുഎഇ, നെതർലൻഡ്‌സ്, ചൈന, യുകെ, സിംഗപ്പൂർ, സൗദി അറേബ്യ, ബ്ലംഗ്ലാദേശ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഇന്ത്യ കയറ്റുമതി നടത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ ചരക്ക് കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞ് 43,710 കോടി ഡോളറായി. എന്നാൽ സേവന കയറ്റുമതി 34,110 കോടി ഡോളറായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷം ഇത് 32,530 കോടി ഡോളറായിരുന്നു. ആകെ കയറ്റുമതിയിൽ 0.23 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യ, റുമാനിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 77,640 കോടി ഡോളറിൽ നിന്ന് 77,820 കോടി ഡോളറായി.

എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. എന്നാൽ പെട്രോളിയം ഉത്പന്ന കയറ്റുമതിയിൽ 13.66 ശതമാനത്തിന്റെ ഇടിവുണ്ടായി. രത്‌നം, ജ്വല്ലറി കയറ്റുമതിയും 13.83 ശതമാനം ഇടിഞ്ഞു. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിലും ഇടിവ് രേഖപ്പെടുത്തി.