മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകൾ; എ കെ ബാലൻ

പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ. വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നാണ് എ കെ ബാലൻ ഉന്നയിക്കുന്ന ചോദ്യം.

മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.