വ്യാജപ്രചാരണത്തിലൂടെ വ്യക്തിഹത്യ; കൈരളി ചാനലിനെതിരെ പരാതി നൽകി കെ സുധാകരൻ

കണ്ണൂർ: കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്തതിൽ നടപടി ആവശ്യപ്പെട്ടാണ് കെ സുധാകരൻ നൽകിയത്. കണ്ണൂർ ടൗൺ എസ്എച്ച്ഒയ്ക്കാണ് കെ സുധാകരൻ പരാതി നൽകിയിരിക്കുന്നത്.

മനോജ് എന്നയാൾ ഒരു കാലത്തും തന്റെ പി എ ആയി ജോലി ചെയ്തിരുന്നില്ല. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന നിരവധിപേരിൽ കുറച്ചുകാലം മാത്രം പ്രവർത്തിച്ചുവന്ന ഒരു ജീവനക്കാരൻ മാത്രമായ മനോജ് എന്നയാൾ 2014 ശേഷം താനുമായോ, തന്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഈ കാര്യങ്ങൾ ബോധ്യമുള്ള കൈരളി ചാനൽ റിപ്പോർട്ടർ സന്തോഷ്, ചാനലിന്റെ ബന്ധപ്പെട്ട അധികാരികളും സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാൽ കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.