കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ ഉണ്ട് ഇനി കോൺഗ്രസ്സിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസ്സാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തിൽ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കുമുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. ഇവിടെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിക്കുന്നവർ ഈ ചർച്ചയിൽ പങ്കെടുത്തോയെന്ന് അദ്ദേഹം ചോദിച്ചു.

മത്സരം തുടങ്ങുന്നതിന് മുൻപ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ ഉണ്ട് ഇനി കോൺഗ്രസ്സിൽ. മത്സരിച്ച് ജയിച്ചാൽ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസ്സിന് എത്രമാത്രം ആത്മാർത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയിൽ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.