2023-ൽ കൊണ്ടുവന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും; സുപ്രീം കോടതി

supreme court

ന്യൂഡൽഹി: എബിസി ചട്ടങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ 2023-ൽ കൊണ്ടുവന്ന പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെരുവ് നായ വിഷയത്തിൽ കേരളം ഉൾപ്പടെ നൽകിയ വിവിധ ഹർജികൾ മെയ് എട്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിൽ ആണ് 2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

2023-ലെ ചട്ടം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചിരുന്നു. അഭിഭാഷകരായ പല്ലവ് സിസോദിയ, വി.ഗിരി, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്.

സംസ്ഥാനങ്ങളുടെ അധികാരം ശരിവയ്ക്കുന്ന 2023-ലെ കേന്ദ്ര ചട്ടത്തോട് എതിർപ്പില്ലെന്ന് അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന ചട്ടത്തോട് എതിർപ്പില്ലെന്ന് കണ്ണൂർ, കോഴിക്കോട് കോർ പ്പറേഷനുകൾക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്ര നാഥ്, അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ തുടങ്ങിയവർ കോടതിയെ അറിയിച്ചു.