താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുത്; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് നേരത്തെ ഒരു പേരുണ്ട്. അതിൽനിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോൾ കുറച്ചു മാറ്റം വന്നെന്നാണു കരുതിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന രാഹുലിന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിങ്ങളുടെ മുത്തശ്ശി ഈ രാജ്യമാകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു തങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വർഷം. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കമുള്ളവർ. ചോദ്യംചെയ്യൽ നേരിടാത്തവരല്ല തങ്ങളൊന്നും. സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇഡി വിളിച്ചുവരുത്തി അപമാനിക്കുകയാണ്. ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ടു വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണമെന്ന് കേട്ടപ്പോൾ തങ്ങളാരും ബോധംകെട്ടു പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുത്. സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇതു ഹരമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.