രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ; പാക്കിസ്ഥാനിൽ എക്‌സ് നിരോധിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സാമൂഹ്യമാധ്യമമായ എക്‌സ് നിരോധിച്ചു. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് മാസങ്ങളായി രാജ്യത്ത് എക്‌സിനെ നിരോധിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിരുന്നില്ല. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടന്നത്.

ഫെബ്രുവരി പകുതിമുതൽ എക്‌സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി പാക്കിസ്ഥാനിലെ ഉപയോക്താക്കളിൽ നിന്ന് ഉയർന്നിരുന്നു. പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

പാകിസ്താനിലെ നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്‌സ് പരാജയപ്പെട്ടു. അതിനാൽ, എക്‌സ് നിരോധിക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.