കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി

കൊച്ചി: കേരളത്തിലുള്ള കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. സംസ്ഥാനത്തെ പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്. മൈതാനമാണ് ആത്യന്തികമായ ക്ലാസ്മുറിയെന്നും കോടതി അഭിപ്രായപ്പെട്ടു. പത്തനംതിട്ട തേവായൂർ ഗവ. എൽ പി സ്‌കൂൾ ഗ്രൗണ്ടിൽ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പിടിഎ നൽകിയ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് ഹർജി പരിഗണിച്ചത്. സ്‌കൂൾ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തിൽ പ്രത്യേകം നിഷ്‌കർഷിക്കണം. നിലവിൽ ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ സ്‌കൂളുകൾ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സിബിഎസ്ഇ രജിസ്ട്രേഷൻ ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും നാലു മാസത്തിനകം ചട്ടങ്ങൾ രൂപീകരിക്കണം. ഇത് പാലിക്കാൻ കർശന നിർദ്ദേശം നൽകുകയും വേണം. വേണ്ടത്ര സമയം നൽകിയിട്ടും ഇക്കാര്യം പാലിക്കാത്ത സ്‌കൂളുകൾ പൂട്ടാൻ ഉത്തരവിടണമെന്ന് കോടതി പറഞ്ഞു.

ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. സ്‌കൂൾ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമ്മിക്കുന്നതിൽ നിന്ന് ജില്ലാ പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.