മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് കെജ്രിവാൾ തീരുമാനമെടുക്കട്ടേ; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്ന കാര്യത്തിൽ അരവിന്ദ് കെജ്രിവാൾ തീരുമാനമെടുക്കട്ടേയെന്ന് ഡൽഹി ഹൈക്കോടതി. കെജ്രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡൽഹി ലഫ്റ്റനന്റ് ഗവണറാണ് പരിശോധിക്കേണ്ടതെന്നും കോടതി അറിയിച്ചു. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിേവാളിനെ നീക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഈ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്ഥാനത്ത് തുടരണോ എന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് കോടതി പറഞ്ഞു. എന്നാൽ ഈ തീരുമാനം ദേശീയ താൽപര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലഫ് ഗവർണറാണ് സർക്കാർ പ്രവർത്തനം നിരീക്ഷിക്കേണ്ടത്. പ്രതിസന്ധിയുണ്ടെങ്കിൽ ഇടപെടാനുള്ള നിയമപരമായ അധികാരം ലഫ് ഗവർണറുടേതാണ്. അതിനാൽ കോടതി ഇടപെടുന്നില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അതേസമയം, ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നാണ് കെജ്രിവാൾ ഭാര്യ സുനിത കെജരിവാളിന് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കുന്നത്.