ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. വരണാധികാരി കൂടിയായ കളക്ടർ ഡോ. രേണുരാജ് മുമ്പാകെ ആദ്യ സെറ്റ് പത്രിക സമർപ്പിച്ചു. പിന്നെ രണ്ട് സെറ്റ് പത്രികയും സമർപ്പിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022-23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

തന്റെ പേരിൽ ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്നാണ് രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ പറയുന്നത്. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു. കൂടാതെ രാഹുൽ ഗാന്ധിയുടെ പേരിൽ എൻഎസ്എസ്, തപാൽ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുൽ ഗാന്ധിക്കുള്ളത്.

ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്.