സ്വർണ്ണവില സർവകാല റെക്കോർഡിൽ; പവന് 50,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ്ണവ്യാപാരം എത്തിയിരിക്കുകയാണ്. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു. ഒരു പവൻ സ്വർണ്ണത്തിന് 50,400 രൂപയാണ് ഇന്നത്തെ വില. 6300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 130 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്.

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

മാർച്ച് മാസം വലിയ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. ഈ മാസം ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്. മാർച്ച് രണ്ടിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 47,000 രൂപയിലെത്തി. മാർച്ച് ഏഴിന് 48,080 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. മാർച്ച് 21 ന് ഇത് 49,440 രൂപയിലെത്തി.