സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം; ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറാതിരുന്ന സംഭവത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടിയിരുന്നു. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റൻറ് അഞ്ജു തുടങ്ങിയവർക്കെതിരെയാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലുള്ളവരാണ് രേഖകൾ കൈമാറേണ്ടത്. ഇതിൽ വീഴ്ചവരുത്തിയതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ മാസം 9 തീയതിയാണ് സർക്കാർ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ, പ്രോഫോമ റിപ്പോർട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നില്ല. പ്രോഫോമ റിപ്പോർട്ട് വൈകിയെങ്കിൽ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. 9 ന് ആയിരുന്നു രേഖകൾ കൈമാറേണ്ടിയിരുന്നത്. എന്നാൽ, 16-ാം തീയതാണ് രേഖകൾ കൈമാറിയത്.