രാജ്യത്തെ റെയിൽവേ മേഖല അടിമുടി പരിഷ്‌ക്കരിക്കാൻ കേന്ദ്രം; റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് ആക്കും

തിരുവനന്തപുരം: രാജ്യത്തെ റെയിൽവേ മേഖല അടിമുടി പരിഷ്‌ക്കരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ട്രെയിനുകളുടെ ആധുനികവത്കരണത്തിന് ഒപ്പം പഴുതടച്ച സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് റെയിൽവേയുടെ പ്രവർത്തനം. ഇതിന് ഉദാഹരണമാണ് റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക്ക് ആക്കുകയെന്നത്. ഈ പദ്ധതി കേന്ദ്ര സർക്കാർ കേരളത്തിലും നടപ്പിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുകയാണ്. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ വരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷയും അതോടൊപ്പം വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ റെയിൽവേ ഗേറ്റ് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സംവിധാനം നടപ്പായി.

ആലപ്പുഴയിലെ തുറവൂർ റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. ഇത് നടപ്പിലാക്കിയ രണ്ടാമത്തെ സ്ഥലമാണ് തുറവൂർ. ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

10 കോടിയോളം രൂപയാണ് തുറവൂരിലെ രണ്ടുഗേറ്റുകൾ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിനും വേണ്ടി റെയിൽവേ ചെലവഴിച്ചത്.