ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നടക്കുക 7 ഘട്ടങ്ങളായി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം, ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

അരുണാചൽ പ്രദേശിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. 60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്സഭാ സീറ്റുകളുമാണ് അരുണാചൽ പ്രദേശിലുള്ളത്. സിക്കിമിൽ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19-ന് തെരഞ്ഞെടുപ്പ് നടക്കും. മെയ് 13 നാണ് ആന്ധ്രാപ്രദേശിൽ 175 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഒഡീഷയിൽ നാലു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. മേയ് 13 ന് ഒന്നാം ഘട്ടവും മെയ് 20 ന് രണ്ടാം ഘട്ടവും 25 ന് മൂന്നാം ഘട്ടവും ജൂൺ 1 ഒന്നിന് നാലാം ഘട്ടവും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ ഒന്നിനുമായിരിക്കും.

ആദ്യ ഘട്ടത്തിൽ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.