പുഷ്പക്; ആർഎൽവിയുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണം നടത്താൻ ഐഎസ്ആർഒ

ന്യൂഡൽഹി: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണം നടത്താൻ ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാകും രണ്ടാം ലാൻഡിങ്ങ് പരീക്ഷണം ഐഎസ്ആർഒ നടത്തുക. പുഷ്പക് എന്നാണ് ആർഎൽവി പരീക്ഷണ പേടകത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.

ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത് കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ്. രണ്ടാമത്തെ പരീക്ഷണം നടത്താനൊരുങ്ങുന്നത് 11 മാസങ്ങൾക്ക് ശേഷമാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. ഈ ലാൻഡിങ് പരീക്ഷണങ്ങൾ നടത്തുന്നത് അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമായാണ്.

ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും. ജിഎസ്എൽവി റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്.