മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ; സിനി ഷെട്ടിയിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം

ന്യൂഡൽഹി: നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. ഇന്ന് മുംബൈയിൽ വച്ചാണ് മത്സരത്തിന്റെ ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് ചടങ്ങ് ആരംഭിക്കും.

10.30-ഓടെ ചടങ്ങുകൾ അവസാനിക്കും. കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം ഇന്ത്യയെ തേടി എത്തുമോയെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 112 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളോടാകും സിനി ഷെട്ടി മത്സരിക്കുന്നത്. അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ സിനി ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയായ സിനി ഭരതനാട്യം നർത്തകി കൂടിയാണ്. 21 വയസാണ് സിനിയുടെ പ്രായം. മുംബൈയിലാണ് സിനി ജനിച്ചതെങ്കിലും വളർന്നത് കർണാടകയിലാണ്.

മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ പോളണ്ടിൽ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.